ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യ സമൂഹത്തിന് പ്രതീക്ഷ നല്‍കുന്നത്: എസ്ഡിപിഐ

Update: 2024-06-06 06:39 GMT

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം ജനാധിപത്യ സമൂഹത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനും ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനുമുള്ള ഫാഷിസ്റ്റ് ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ്. എസ്ഡിപിഐ സ്വീകരിച്ച രാഷ്ട്രീയ നിലപാട് ശരിയാണെന്ന് ബോധ്യപ്പെടുത്തിയിരിക്കുന്നു. പ്രവര്‍ത്തകരെ ആശയാടിത്തറയുള്ളവരാക്കി മാറ്റാന്‍ ഇടതു- വലതു മുന്നണികള്‍ക്ക് കഴിയാത്തതാണ് തൃശൂരിലെ ബിജെപി വിജയത്തിന് അനുകൂല സാഹചര്യമൊരുക്കിയത്. തൃശൂരില്‍ മാത്രമല്ല സംസ്ഥാനത്തെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇരു മുന്നണികളുടെയും വോട്ട് ബിജെപിക്ക് ലഭിച്ചിട്ടുണ്ട്.

ഫാഷിസത്തിന് ഇന്ത്യന്‍ മണ്ണ് പാകപ്പെടില്ല എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. രാജ്യഭൂരിപക്ഷം മതേതര ചേരിക്കൊപ്പമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ഭരണ സംവിധാനങ്ങളെയും കേന്ദ്ര ഏജന്‍സികളെയും ദുരുപയോഗം ചെയ്തും മാധ്യമങ്ങളില്‍ ചിലരെ ആജ്ഞാനുവര്‍ത്തികളാക്കി നുണപ്രചാരണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നടത്തി ജനങ്ങളെ വിഭജിച്ച് നേട്ടം കൊയ്യാനുള്ള സംഘപരിവാര ശ്രമമാണ് പൊളിഞ്ഞിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയനിലപാടുകള്‍ക്കെതിരായും ആഭ്യന്തര വകുപ്പിനെ സംഘപരിവാര്‍ അജണ്ടയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മൗനാനുവാദം നല്‍കുന്നതിനെതിരേയുമുള്ള ജനവിധി മാനിച്ച് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

      യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മാഈല്‍, പി പി റഫീഖ്, സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീന്‍, സെക്രട്ടറിയേറ്റംഗങ്ങളായ അഷ്‌റഫ് പ്രാവച്ചമ്പലം, അന്‍സാരി ഏനാത്ത് സംസാരിച്ചു.

Tags: