ലോകായുക്ത നിയമഭേദഗതി: അഴിമതിക്ക് കുടപിടിക്കാനെന്ന് അജ്മല്‍ ഇസ്മായീല്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനര്‍ഹര്‍ക്ക് സഹായം നല്‍കിയെന്ന കേസിലും കണ്ണൂര്‍ വിസി നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദു നിയമവിരുദ്ധമായി ഇടപെട്ടെന്ന കേസിലും വിധി വരാനിരിക്കേ ധൃതിപിടിച്ച് നിയമഭേദഗതി കൊണ്ടുവരുന്നത് ദുരൂഹമാണ്

Update: 2022-01-25 09:14 GMT

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവര്‍ന്ന് ദുര്‍ബലമാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് അഴിമതിക്ക് കുടപിടിക്കാനാണെന്നും നിയമഭേദഗതിക്ക് ഗവര്‍ണര്‍ കൂട്ടുനില്‍ക്കരുതെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍. പൊതുപ്രവര്‍ത്തകര്‍ക്ക് എതിരായ അഴിമതി ആരോപണങ്ങളിലും സ്വജനപക്ഷപാത കേസുകളിലും ഉത്തരവ് പുറപ്പെടുവിക്കാനുള്ള ലോകായുക്തയുടെ അധികാരം കവര്‍ന്നെടുക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനര്‍ഹര്‍ക്ക് സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിയമവിരുദ്ധമായി ഇടപെട്ടെന്ന കേസിലും വിധി വരാനിരിക്കേ ധൃതിപിടിച്ച് നിയമഭേദഗതി കൊണ്ടുവരുന്നത് ദുരൂഹമാണ്. ലോക്പാല്‍ സംവിധാനത്തിലുള്‍പ്പെടെ അഴിമതിക്കെതിരായ നിയമങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടണമെന്ന് വാദിച്ചിരുന്ന സിപിഎമ്മിന്റെ മുഖ്യമന്ത്രിയാണ് ജുഡീഷ്യല്‍ അധികാരമുള്ള ലോകായുക്തയുടെ ചിറകരിയുന്നത്. ലോകായുക്തയില്‍ മാസങ്ങള്‍ നീണ്ട ഹിയറിങ് നടത്തി ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറപ്പെടുവിക്കുന്ന ഉത്തരവ് പിന്നീട് സര്‍ക്കാര്‍ ഹിയറിങ് നടത്തി നടപ്പാക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും എന്ന ഭേദഗതി റിട്ട.സുപ്രീം കോടതി ജഡ്ജിമാരെയും റിട്ട.ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെയും അപമാനിക്കുന്നതിന് തുല്യമാണ്. ഈ നിയമനിര്‍മാണം നടപ്പാക്കുന്നതിലും ഉത്തമം ലോകായുക്ത പിരിച്ചുവിടുന്നതാണെന്നും അജ്മല്‍ ഇസ്മായീല്‍ വ്യക്തമാക്കി.

Tags:    

Similar News