ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് സ്വന്തം മതത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നയാളെന്ന് ഐഎന്‍എല്‍
കെടി ജലീലിനെതിരായ ലോകായുക്ത വിധിയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഐഎന്‍എല്‍ നേതാവ് എന്‍കെ അബ്ദുല്‍ അസീസ്
തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് സ്വന്തം മതത്തിലെ ചെറിയ വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നയാളെന്ന് ഐഎന്‍എല്‍ നേതാവ് എന്‍കെ അബ്ദുല്‍ അസീസ്. സിസ്റ്റര്‍ അഭയ കേസില്‍ സിറിയക് ജോസഫിന്റെ ഇടപെടല്‍ ഇതിന് ഉദാഹരണമാണ്. അദ്ദേഹം ലോകായുക്തയിലേക്ക് മാറിയ ശേഷമാണ് അഭയ കേസില്‍ നീതി നടപ്പിലായത്. കെടി ജലീലിനെതിരായ ലോകായുക്ത വിധിയില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. നീതി നടപ്പിലാക്കുന്ന ആളല്ല ജസ്റ്റിസ് സിറിയക് ജോസഫെന്നും ഐഎന്‍എല്‍ നേതാവ് സ്വകാര്യ ചാനല്‍ ചര്‍ച്ചക്കിടെ ആരോപിച്ചു. ന്യൂനപക്ഷ വകുപ്പില്‍ 80/20 അനുപാതം ഉയര്‍ത്തിക്കൊണ്ടുവന്ന ചങ്ങനാശ്ശേരി അതിരൂപത, കെടി ജലീലിന്റെ രാജിയെ ആഘോഷിച്ചത് ഇതിന്റെ ഭാഗമാണെന്നും ഐഎന്‍എല്‍ നേതാവ് അഭിപ്രായപ്പെട്ടു. കെടി ജലീലിന്റെ ഭാഗം വിശദീകരിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചില്ലെന്നും തിടുക്കത്തില്‍ വിധി പ്രസ്താവിക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍, ഇടതു സര്‍ക്കാരിനോട് ചെറിയ താല്‍പര്യമുണ്ടായിരുന്നത് കൊണ്ടാണ് വോട്ടെടുപ്പിന് ശേഷം ലോകായുക്ത വിധി പ്രസ്താവിച്ചതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍ പറഞ്ഞു. ബന്ധു നിയമന കേസില്‍ മന്ത്രി കെടി ജലീല്‍, അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും നടത്തിയെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് തോമസും ജസ്റ്റ്രിസ് ഹാറൂണ്‍ അല്‍ റഷീദും വിധിപ്രസ്താവിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കെടി ജലീല്‍ മന്ത്രി സ്ഥാനം രാജിവക്കുകയായിരുന്നു.