ലോകായുക്ത ബില്ല്: വിയോജിപ്പ് നേരത്തെ വ്യക്തമാക്കി; പരസ്യ പ്രതികരണത്തിനില്ലെന്നും കാനം രാജേന്ദ്രന്‍

സര്‍ക്കാരിന് പകരം സ്വതന്ത്ര ഉന്നതാധികാര സമിതി ഹിയറിങ്ങ് നടത്തട്ടെ എന്നാണ് സിപിഐയുടെ നിലപാട്

Update: 2022-08-21 08:44 GMT

തിരുവനന്തപുരം: ലോകായുക്ത ബില്ലിനെ സംബന്ധിച്ച് പരസ്യ പ്രതികരണത്തിനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിയോജിപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബില്ല് സഭയില്‍ വരുമ്പോള്‍ എന്ത് ചെയ്യണമെന്ന് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

ബില്ല് ബുധനാഴ്ച സഭയില്‍ വന്നാലും അന്ന് തന്നെ പാസാവില്ല. ലോകായുക്ത ബില്ലില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന് മുന്‍പായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിന് പകരം സ്വതന്ത്ര ഉന്നതാധികാര സമിതി ഹിയറിങ്ങ് നടത്തട്ടെ എന്നാണ് സിപിഐയുടെ നിലപാട്.

അതേസമയം, ലോകായുക്ത ബില്ലിന്റെ കരട് വിജ്ഞാപനം പുറത്തിറക്കി. ലോകായുക്തയുടെ വിധി പുനപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഭേദഗതി. മന്ത്രിമാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയിലെ അഴിമതി തടയാനുള്ള അധികാരം ഗവര്‍ണറിലേക്കും മുഖ്യമന്ത്രിയിലേക്കും ചീഫ് സെക്രട്ടറിയിലേക്കും നിക്ഷിപിതമാക്കുന്നതാണ് ബില്‍. സര്‍ക്കാര്‍ സമര്‍പ്പിച്ച ഏഴ് ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്ന സാഹചര്യത്തിലാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള തീരുമാനം. ബുധനാഴ്ച്ച ബില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷവും എതിര്‍ക്കുമെന്നാണ് സൂചന. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഭിന്നതകളും നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നാണ് അഭ്യൂഹം. തിങ്കളാഴ്ചയാണ് പ്രത്യേക നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. 

Tags: