ലോക്കറുടമകള്‍ക്ക് വാര്‍ഷിക വാടകയുടെ നൂറിരട്ടി തുക നഷ്ടപരിഹാരമായി ലഭിക്കുമെന്ന് കേന്ദ്രം

Update: 2026-03-31 05:26 GMT

ന്യൂഡല്‍ഹി: ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കുന്ന വസ്തുക്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചാല്‍, ലോക്കറുടമകള്‍ക്ക് വാര്‍ഷിക വാടകയുടെ നൂറിരട്ടി തുക നഷ്ടപരിഹാരമായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പാര്‍ലമെന്റിലെ ചോദ്യോത്തര വേളയിലാണ് ലോക്കര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്ക് മന്ത്രിയുടെ മറുപടി. ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ന്യായമായ തുക ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

ഓരോ ലോക്കറിനും വ്യത്യസ്ത രീതിയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നത് നിലവിലെ സാഹചര്യത്തില്‍ അസാധ്യമാണെന്നും ധനമന്ത്രി വ്യക്തമാക്കി. പരിശോധിച്ചുറപ്പാക്കാത്ത വസ്തുക്കള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നതിലെ തടസ്സങ്ങള്‍ കാരണമാണ് വാര്‍ഷിക വാടകയുടെ നൂറിരട്ടി എന്ന കണക്കിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതോടൊപ്പം തന്നെ ബാങ്കുകളുടെ ഉത്തരവാദിത്തം ഇതിലൂടെ ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തുക്കളുടെ യഥാര്‍ഥ മൂല്യത്തിന് അനുസരിച്ചുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ലോക്കറുകളില്‍ ഉപഭോക്താക്കള്‍ വെക്കുന്ന വസ്തുക്കള്‍ പരിശോധിക്കാനോ അവയുടെ വില രേഖപ്പെടുത്താനോ ബാങ്കുകള്‍ക്ക് അനുവാദമില്ല. ബാങ്കുകള്‍ അത്തരത്തില്‍ ചെയ്യുന്നത് നിയമവിരുദ്ധവും ഉപഭോക്താവിന്റെ സ്വകാര്യതാലംഘനവുമാണ്. സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളുടെ കൃത്യമായ മൂല്യം ബാങ്കുകള്‍ക്ക് അറിയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വാടകയുടെ അടിസ്ഥാനത്തിലുള്ള ഏകീകൃത നഷ്ടപരിഹാര രീതി നടപ്പാക്കുന്നത്.

Tags: