ലോക്ക് ഡൗണ്‍ ലംഘനം: യുപിയില്‍ പിഴയിട്ടത് 59 ലക്ഷം വാഹനങ്ങള്‍ക്കെതിരേ

Update: 2020-12-16 06:02 GMT

ലഖ്‌നോ: യുപിയില്‍ ലോക്ക് ഡൗണ്‍ നിയമങ്ങളും കൊവിഡ് പ്രോട്ടോകോളും ലംഘിച്ചതിന് പിഴ ചുമത്തിയത് 59.17 ലക്ഷം വാഹനങ്ങള്‍ക്കെതിരേ. 81,000 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുമുണ്ട്. ക്രമസമധാനത്തിന്റെ ചുമതലയുള്ള ഡിഐജി ധര്‍മേന്ദ്ര സിങാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

''കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് 59.17 ലക്ഷം വാഹനങ്ങള്‍ക്ക് പിഴചുമത്തിയിട്ടുണ്ട്. 81,000 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു''-ധര്‍മേന്ദ്ര സിങ് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യുപിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1354 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,852 പേര്‍ രോഗമുക്തരായി. കൊവിഡ് ബാധിച്ച് 20 പേര്‍ മരിച്ചു. 5,41,579 പേര്‍ ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. 18,382 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു.

കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശ്, ഛത്തിസ്ഗഢ്, പശ്ചിമ ബംഗാള്‍, കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 56 ശതമാനം സജീവ രോഗികളുമുള്ളത്.