തെക്കേ ആഫ്രിക്കയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; മാസ്‌ക് ധരിക്കാത്തവര്‍ക്ക് ആറ് മാസം തടവ്

Update: 2020-12-29 06:48 GMT

ജോഹനസ്ബര്‍ഗ്: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ തെക്കേ ആഫ്രിക്കയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മദ്യവില്‍പ്പനയ്ക്കും വിലക്കേര്‍പ്പെടുത്തി. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കടുത്ത കുറ്റമാക്കി മാറ്റിയിട്ടുണ്ട്. സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രമാഫോസയാണ് ഇതുവസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം തെക്കേ ആഫ്രിക്കയിലും കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂന്നില്‍ നിന്ന് ലോക്ക് ഡൗണ്‍ നിയന്ത്രണം ഒന്നിലേക്ക് മാറാന്‍ തീരുമാനിച്ചതായി രമാഫോസ പറഞ്ഞു. ഇന്ന് പാതിരാത്രി മുതലാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക.

സൗത്താഫ്രിക്കയില്‍ അഞ്ച് തലങ്ങളിലുള്ള നിയന്ത്രണങ്ങളാണ് ഉണ്ടായിരുന്നത്. സമ്പദ്ഘടനയുടെ സുസ്ഥിരതയ്ക്കും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കുമിടയില്‍ സംതുലനമുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

'പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ വളരെ അപകടകരമായ ഘട്ടത്തിലാണ്. കഴിഞ്ഞ ദിവസത്തേടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ദശലക്ഷം കടന്നു''- പ്രസിഡന്റ് പറഞ്ഞു. ക്രിസ്മസ് രാത്രിക്കു ശേഷം മാത്രം പുതിയ കൊവിഡ് ബാധിതരുടെ എണ്ണം അര ലക്ഷം ആയിട്ടുണ്ട്.

Tags: