തദ്ദേശ തിരഞ്ഞെടുപ്പ്: പോളിങ് തുടങ്ങി; രാവിലെത്തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്ക്

Update: 2020-12-08 02:00 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് തെക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. നിശ്ചയിച്ച സമയത്തുതന്നെ പോളിങ് ഉദ്യോഗസ്ഥര്‍ മോക്ക് പോളിങ് നടത്തി. പോളിങ് കേന്ദ്രങ്ങളില്‍ നീണ്ട നിര ദൃശ്യമാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. രാവില ഏഴ് മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് പോളിങ്. അവസാന ഒരു മണിക്കൂര്‍ കൊവിഡ് രോഗികള്‍ക്കാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 11,255 പോളിങ് ബൂത്തുകളിലായി 56,122 ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ട്.

വോട്ടെടുപ്പിനെത്തുന്നവരും ഏജന്റുമാരും പോളിങ് ഉദ്യോഗസ്ഥരും കൊവിഡ് സാമൂഹിക മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

395 തദ്ദേശ സ്ഥാപനങ്ങളിലെ 6,910 വാര്‍ഡുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ 88.26 ലക്ഷം വോട്ടര്‍മാര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക. ആകെ 88,26,837 വോട്ടര്‍മാരില്‍ 41,58,395 പുരുഷന്മാരും 46,68,267 സ്ത്രീകളും 61 ട്രാന്‍സ്‌ജെന്റേഴ്‌സും 150 പ്രവാസി ഭാരതീയരും ഉള്‍പ്പെടുന്നു. 42,530 പേര്‍ കന്നിവോട്ടര്‍മാര്‍മാരാണ്.

പ്രശ്‌നബാധിതാ ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുര്‍ന്ന് കൊല്ലം പന്മന ഗ്രാമപഞ്ചായത്തില്‍ 2 വാര്‍ഡിലും ആലപ്പുഴ ചെട്ടിക്കുളങ്ങര ഗ്രാമപഞ്ചായത്തില്‍ ഒരു വാര്‍ഡിലും തിരഞ്ഞെുപ്പ് നീട്ടിവച്ചിരിക്കുകയാണ്.