തദ്ദേശ തിരഞ്ഞെടുപ്പ്: വിശ്വാസികളുടെ യോഗം വിളിക്കാനൊരുങ്ങി സിപിഎം

Update: 2020-10-23 03:18 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിശ്വാസികളുടെ യോഗം വിളിക്കാനൊരുങ്ങി സിപിഎം സംസ്ഥാന നേതൃത്വം. ലോക്കല്‍ കമ്മിറ്റിക്കാണ് ഇതിന്റ ചുമതല നല്‍കിയിരിക്കുന്നത്. ക്ഷേത്ര, പള്ളിക്കമ്മിറ്റി ഭാരവാഹികളുടെയും ദേവസ്വം ജീവനക്കാരുടെയും യോഗങ്ങളാണ് പ്രത്യേകം പ്രത്യേകമായി വിളിക്കുക. സ്വകാര്യ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയും പങ്കെടുപ്പിക്കും. അകന്നുപോയ വിശ്വാസികളെ പാര്‍ട്ടിയുമായി അടുപ്പിക്കുകയാണ് ലക്ഷ്യം.

ശബരിമല യുവതീപ്രവേശന വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയോട് അകന്ന ഹിന്ദുക്കളെ ഒപ്പംകൂട്ടാന്‍ യോഗങ്ങള്‍ സഹായിക്കുമെന്നാണ് സി.പി.എം. നേതൃത്വം കരുതുന്നത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന സംഘപരിവാര്‍ പ്രചാരണംമൂലം ഉണ്ടായ ബുദ്ധിമുട്ടുകള്‍ യോഗങ്ങളില്‍ വിശദീകരിക്കും. ദേവസ്വം ബോര്‍ഡിനും സ്വകാര്യ ക്ഷേത്രങ്ങള്‍ക്കും സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ സഹായങ്ങളും ചര്‍ച്ചചെയ്യും. ക്രിസ്ത്യന്‍, മുസ്ലിം പള്ളികളിലും സ്ഥാപനങ്ങളിലും മതേതര വിശ്വാസികളെ ഭാരവാഹികളായി കൊണ്ടുവരണമെന്ന് പാര്‍ട്ടി കരുതുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ഇടത്തരക്കാരുടെ യോഗവും വിളിച്ചുചേര്‍ക്കും. കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഡെപ്പോസിറ്റ് കളക്ഷന്‍ ഏജന്റുമാര്‍ എന്നിവരുടെ യോഗങ്ങളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യോഗങ്ങളെല്ലാം നവംബര്‍ 10-നുമുന്‍പ് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.

Tags:    

Similar News