തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനു ശേഷമുള്ള വോട്ടെണ്ണല്‍ 8 മണിക്ക് ആരംഭിച്ചു. കൊവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യം പോസ്റ്റല്‍ വോട്ടുകളും കൊവിഡ് സ്‌പെഷ്യല്‍ വോട്ടുകളുമാണ് എണ്ണുന്നത്. അത് ഏകദേശം രണ്ടര ലക്ഷം വരും. എട്ടേ കാലോടെ ആദ്യ ഫല സൂചന ലഭിക്കാന്‍ സാധ്യതയുണ്ട്. ഗ്രാമപഞ്ചായത്തുകളിലെ ഫലങ്ങള്‍ 11 മണിയോടെയും മറ്റിടങ്ങളില്‍ ഉച്ചയോടെയും അറിയാം.
തിരുവനന്തപുരത്ത് 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. കൊല്ലം 16, പത്തനംതിട്ട 12, ആലപ്പുഴ 18, കോട്ടയം 17, ഇടുക്കി 10, എറണാകുളം 28, തൃശൂര്‍ 24, പാലക്കാട് 20, മലപ്പുറം 27, കോഴിക്കോട് 20, വയനാട് 7, കണ്ണൂര്‍ 20, കാസര്‍കോഡ് 9 എന്നിങ്ങനെ സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ട്. ഗ്രാമപഞ്ചായത്ത് ഫലം 11 മണിയോടെ അറിയാം. നഗരസഭയില്‍ ഉച്ചയോടെ ഫലം പുറത്തുവരും.
1199 തദ്ദേശ സ്ഥാപനങ്ങളിലായി 21,861 വാര്‍ഡുകളാണ് സംസ്ഥാനത്തുള്ളത്. അതില്‍ 941 ഗ്രാമപഞ്ചായത്തുളും 152 ബ്ലോക്കുകളും 14 ജില്ലാ പഞ്ചായത്തുകളും 86 മുനിസിപ്പാലിറ്റികളും 6 കോര്‍പറേഷനുകളും ഉള്‍പ്പെടുന്നു. ഒരു മുനിസിപ്പാലിറ്റിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നില്ല. സ്ഥാനാര്‍ത്ഥികളുടെ മരണം മൂലം ചില വാര്‍ഡുകളിലും തിരഞ്ഞെടുപ്പ് നടക്കുന്നില്ല.
പഞ്ചായത്തുകളില്‍ 15,961 വാര്‍ഡുകളും ബ്ലോക്കുകളില്‍ 2,076 വാര്‍ഡുകളും ജില്ലാ പഞ്ചായത്തില്‍ 331 വാര്‍ഡുകളും മുനിസിപ്പാലിറ്റികളില്‍ 3,078 വാര്‍ഡുകളും കോര്‍പറേഷനുകളില്‍ 414 വാര്‍ഡുകളുമാണ് ഉള്ളത്. ആകെ 74,899 സ്ഥാനാര്‍ത്ഥികള്‍ മല്‍സരരംഗത്തുണ്ട്.
ഫലപ്രഖ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ജില്ല മുഴുവനായും കോഴിക്കോട് അഞ്ചിടത്തും കാസര്‍കോഡ് പത്ത് പോലിസ് സ്‌റ്റേഷന്‍ പരിധിയിലുമാണ് നിരോധനാജ്ഞ.
