തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞു: ഇനി രാഷ്ട്രീയനാടകങ്ങളുടെ ദിനങ്ങള്‍

Update: 2020-12-18 01:48 GMT

തിരുവനന്തപുരം: വാശിയേറിയ പോരാട്ടത്തിനു ശേഷം തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് പുതിയ നാടകങ്ങള്‍ക്കുള്ള സാധ്യതകള്‍ തുറന്നിട്ടുകൊണ്ട്. സംസ്ഥാനത്തെ 269 ഗ്രാമപഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത 'തൂക്ക് സഭകള്‍' ഉണ്ടായതോടെയാണ് പ്രതിസന്ധി തുടങ്ങിയത്.  മുനിസിപ്പാലിറ്റികളിലും ഇതേ പ്രശ്‌നമുണ്ട്.

269 ല്‍ 107 ഇടത്ത് ഇടതുപക്ഷവും 123 ഇടത്ത് യുഡിഎഫും 19ല്‍ എന്‍ഡിഎയും ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. മറ്റുള്ളവരുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ ഇവിടെ പ്രസിഡന്റ് സ്ഥാനം കൈവശപ്പെടുത്താനാവൂ. അല്ലെങ്കില്‍ സ്വതന്ത്രരുടെ സഹായം തേടണം. സ്വതന്ത്രരില്ലെങ്കില്‍ മൂന്ന് കക്ഷികളില്‍ രണ്ട് പേര്‍ പരസ്പരം സഹായിക്കണം. ഇതാണ് പുതിയ പ്രതിസന്ധിയുടെ മൂലകാരണം. തിങ്കളാഴ്ചയോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും അധികാരമേല്‍ക്കണമെന്ന് കമ്മീഷന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

നിലവില്‍ ഗ്രാമപഞ്ചായത്തില്‍ 514 ഇടത്ത് എല്‍ഡിഎഫും 375 ല്‍ യുഡിഎഫും 23 ല്‍ ബിജെപിയും മുന്നിലാണ്. ചില കോര്‍പറേഷനുകളില്‍ ഈ പ്രശ്‌നമുണ്ടായെങ്കിലും സ്വതന്ത്രരുടെ സഹായത്തോടെ ഇടത്പക്ഷം ഭരണം കൈക്കലാക്കി. സംസ്ഥാനത്തെ 86 മുനിസിപ്പാലിറ്റികളില്‍ പലയിടങ്ങളിലും  ആര്‍ക്കും ഭൂരിപക്ഷമില്ല. ഇതേ പ്രശ്‌നം അവിടെയും ആവര്‍ത്തിച്ചേക്കാം.