തദ്ദേശ തിരഞ്ഞെടുപ്പ് 2020: ഇന്ന് വോട്ടെണ്ണല്‍, ഉച്ചയോടെ മുഴുവന്‍ ഫലവുമറിയാം
തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കിടയില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ടെടുപ്പിനും ശേഷം ബുധനാഴ്ച വോട്ടെണ്ണും. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങുക. ഉച്ചയോടെ മുഴുവന്‍ ഫലവും അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വോട്ടെണ്ണുനിടത്തും ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുള്ളതുകൊണ്ട് ചെറിയ വൈകല്‍ പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത തിങ്കളാഴ്ച തന്നെ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും.
1199 തദ്ദേശ സ്ഥാപനങ്ങളിലായി 21,861 വാര്‍ഡുകളാണ് സംസ്ഥാനത്തുള്ളത്. അതില്‍ 941 ഗ്രാമപഞ്ചായത്തുളും 152 ബ്ലോക്കുകളും 14 ജില്ലാ പഞ്ചായത്തുകളും 86 മുനിസിപ്പാലിറ്റികളും 6 കോര്‍പറേഷനുകളും ഉള്‍പ്പെടുന്നു. ഒരു മുനിസിപ്പാലിറ്റിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നില്ല. സ്ഥാനാര്‍ത്ഥികളുടെ മരണം മൂലം ചില വാര്‍ഡുകളിലും തിരഞ്ഞെടുപ്പ് നടക്കുന്നില്ല.
പഞ്ചായത്തുകളില്‍ 15,961 വാര്‍ഡുകളും ബ്ലോക്കുകളില്‍ 2,076 വാര്‍ഡുകളും ജില്ലാ പഞ്ചായത്തില്‍ 331 വാര്‍ഡുകളും മുനിസിപ്പാലിറ്റികളില്‍ 3,078 വാര്‍ഡുകളും കോര്‍പറേഷനുകളില്‍ 414 വാര്‍ഡുകളുമാണ് ഉള്ളത്. ആകെ 74,899 സ്ഥാനാര്‍ത്ഥികള്‍ മല്‍സരരംഗത്തുണ്ട്.
തിരുവനന്തപുരത്ത് 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. കൊല്ലം 16, പത്തനംതിട്ട 12, ആലപ്പുഴ 18, കോട്ടയം 17, ഇടുക്കി 10, എറണാകുളം 28, തൃശൂര്‍ 24, പാലക്കാട് 20, മലപ്പുറം 27, കോഴിക്കോട് 20, വയനാട് 7, കണ്ണൂര്‍ 20, കാസര്‍കോഡ് 9 എന്നിങ്ങനെ സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുണ്ട്.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് ഫലം 11 മണിയോടെ അറിയാം. നഗരസഭയില്‍ ഉച്ചയോടെ ഫലം പുറത്തുവരും.
