'ബൈക്ക് ആംബുലന്‍സ് പകരമാവില്ല; തദ്ദേശ സ്ഥാപനങ്ങള്‍ ആംബുലന്‍സ് ഒരുക്കണ'മെന്ന് മുഖ്യമന്ത്രി

Update: 2021-05-08 07:12 GMT

തിരുവനന്തപുരം: കൊവിഡ് രോഗികള്‍ക്ക് ബൈക്ക് ആംബലന്‍സ് പകരമാവില്ലെന്നും തദ്ദേശ സ്ഥാപനങ്ങള്‍ ആംബുലന്‍സ് ഒരുക്കണമെന്നും മുഖ്യമന്ത്രി. പന്നപ്രയില്‍ ആംബുലന്‍സ് ലഭിക്കാതെ രോഗിയെ ബൈക്കില്‍ കൊണ്ടുപോയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.തദ്ദേശ സ്ഥാപനങ്ങള്‍ ആംബുലന്‍സ് സംവിധാനം ഒരുക്കണമെന്നും അതല്ലെങ്കില്‍ രോഗികളെ കിടത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന മറ്റു വാഹനങ്ങള്‍ തയ്യാറാക്കണമെന്നും മുഖ്യമന്ത്രി തദ്ദേശ സ്ഥാപന പ്രതിനിധികളോട് ആവശ്യപ്പെട്ടു.

സംസ്ഥാന ശരാശരിയെക്കാള്‍ കൂടിയ ടിപിആര്‍ നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ പ്രത്യേക ശ്രദ്ധവേണം. എറണാകുളം, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് ഇത്തരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളുള്ളത്. കൊവിഡ് സംബന്ധിച്ച് തദ്ദേശ സ്ഥാപന പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയാരുന്നു മുഖ്യമന്ത്രി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നു പരിശോധിക്കണം.

വാക്‌സിനേഷന് വാര്‍ഡു തല സമിതി അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. വാര്‍ഡ് തല സമിതികള്‍ കൊവിഡ് വ്യാപനം ഫലപ്രദമായി ചര്‍ച്ച ചെയ്യണം. ഈ സമിതികള്‍ക്കാണ് ഏറ്റവും നന്നായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയുന്നത്. ഈ സമിതികള്‍ വീടുകള്‍ സന്ദര്‍ശിച്ച് അവസ്ഥകള്‍ വിലയിരുത്തണം. കുടുംബശ്രീ അംഗങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരെ ചേര്‍ത്താണ് വാര്‍ഡ് തല സമിതി രൂപീകരിക്കേണ്ടത്. വാര്‍ഡ് മെമ്പറായിരിക്കണം അതിന്റെ അധ്യക്ഷന്‍.

പഞ്ചായത്തുകള്‍ ചെയ്യേണ്ട കാര്യങ്ങള്‍ പഞ്ചായത്തുകള്‍ തന്നെ ചെയ്യണം. പഞ്ചായത്തുകള്‍ കൊവിഡ് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണം. പ്രാഥമിക വൈദ്യ സഹായം നല്‍കാന്‍ മെഡിക്കല്‍ ടീമിനെ സജ്ജീകരിക്കണം. കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുടങ്ങാന്‍ തദ്ദേശസ്ഥാപനങ്ങള്‍ സ്ഥലം കണ്ടെത്തണം. സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ തയ്യാറായവരെ മറ്റൊരു പരിഗണനയും കൂടാതെ തദ്ദേശ സ്ഥാപനങ്ങള്‍ അവരുടെ സേവനം പ്രയോജനപ്പെടുത്തണം. നാട്ടില്‍ ഭക്ഷണമില്ലാതെ ഒരാളും പട്ടിണികിടക്കുന്ന സാഹചര്യമുണ്ടാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News