തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ കസേരക്കായി ബിജെപിയില്‍ ചര്‍ച്ച
തിരുവനന്തപുരം: അപ്രതീക്ഷിത വിജയങ്ങളും കനത്ത തിരിച്ചടികളും നിറഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇനി ശ്രദ്ധ അധികാരസ്ഥാനങ്ങളിലേക്കാണ്. വലിയ ഒറ്റക്കക്ഷിയായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത ബിജെപിയിലും ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയ എല്‍ഡിഎഫിലും നേതൃത്വം ആര് ഏറ്റെടുക്കുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് ബിജെപി ആദ്യം ഉയര്‍ത്തിക്കാട്ടിയ പേര് വി വി രാജേഷിന്റേതായിരുന്നു. എന്നാല്‍ മുന്‍ ഡിജിപിയെന്ന നിലയില്‍ മല്‍സരിച്ചു വിജയിച്ച ആര്‍ ശ്രീലേഖയുടെ പേരും അവസാന നിമിഷം മേയര്‍ സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖയ്ക്ക് പോലിസ് സേനയിലെ ദീര്‍ഘകാല ഭരണപരമായ പരിചയമാണ് മുതല്‍ക്കൂട്ടാവുന്നത്.
കേരളത്തില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഹൈ പ്രൊഫൈല്‍ ഉള്ള നേതാവിനെ മുന്നോട്ടു നിര്‍ത്താനാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ താത്പര്യമെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. സ്ത്രീ പ്രാതിനിധ്യത്തിനുള്ള പരിഗണനയും ശ്രീലേഖയ്ക്ക് അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നു. എന്നാല്‍ പൊതുപ്രവര്‍ത്തന രംഗത്തെ പരിചയം കുറവാണെന്നത് അവരുടെ പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഏറെക്കാലം കാത്തിരുന്ന കോര്‍പ്പറേഷന്‍ ഭരണം പരിചയമില്ലാത്ത കൈകളില്‍ ഏല്‍പ്പിക്കാതിരിക്കാനും സാധ്യതയുണ്ട്.
അതേസമയം, ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തന പരിചയവും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപിയുടെ മുഖമെന്ന രാഷ്ട്രീയ ഇമേജും വി വി രാജേഷിന് മേയര്‍ സ്ഥാനത്തേക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകങ്ങളാണ്. കേരളത്തില്‍ ബിജെപിയുടെ ആദ്യ മേയറാകാനുള്ള സാധ്യതയും രാജേഷിന് അനുകൂലമായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി കോര്‍പ്പറേഷന്‍ ഭരണത്തിനെതിരേ നടന്ന ബിജെപി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് രാജേഷായിരുന്നു.
