തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട്ട് വോട്ടിങ് മെഷീനിലെ കോണി ചിഹ്നം ചെറുതായി; പരാതിയുമായി മുസ് ലിം ലീഗ്

മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും യുഡിഎഫ് ജില്ലാ കമ്മിറ്റിയും ചീഫ് ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി

Update: 2025-12-06 14:42 GMT

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ ചിഹ്നത്തിന് വലിപ്പമില്ലെന്ന പരാതിയുമായി മുസ്ലിം ലീഗ്. കോഴിക്കോട് കോര്‍പ്പറേഷനിലെ 24 ഡിവിഷനുകളില്‍ കോണി ചിഹ്നം ചെറുതായെന്നാണ് പരാതി. 58ാം വാര്‍ഡില്‍(മുഖദാര്‍) യുഡിഎഫിന്റെ കോണി ചിഹ്നം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് ജില്ലാ കമ്മിറ്റി പരാതി നല്‍കി. എന്നാല്‍ 55ാം വാര്‍ഡായ പയ്യാനക്കലില്‍ കോണി ചിഹ്നത്തിന് സമാനമായ രീതിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് ചെരിച്ചു വെച്ച രീതിയിലാണെന്ന ആക്ഷേപവുമുണ്ട്. ഒറ്റ നോട്ടത്തില്‍ കോണി ചിഹ്നമാണെന്ന് തോന്നുന്ന രീതിയിലാണിതെന്നാണ് പരാതി. രണ്ടും അടുത്തടുത്താണ് വെച്ചിരിക്കുന്നത്. അതേസമയം പരാതിയില്‍ ജില്ലാ കലക്ടര്‍ പ്രാഥമിക പരിശോധന നടത്തുകയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തെന്നാണ് ലീഗ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

Tags: