തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയില്‍ വോട്ടെണ്ണല്‍ 16 കേന്ദ്രങ്ങളില്‍

Update: 2020-12-02 15:41 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തിരുവനന്തപുരം ജില്ലയില്‍ നടക്കുന്നത് 16 കേന്ദ്രങ്ങളില്‍. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിലാണ് നടക്കുന്നത്. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ വീതമാണുള്ളത്. ഇവിടങ്ങളില്‍നിന്നുതന്നെയാണ് വോട്ടെടുപ്പിനായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും മറ്റു സാമഗ്രികളും വിതരണം ചെയ്യുന്നതും.

തിരുവനന്തപുരം കോര്‍പ്പറേഷന്റെ വോട്ടെണ്ണല്‍ നടക്കുന്നത് നാലാഞ്ചിറ മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ സര്‍വോദയ വിദ്യാലയയിലാണ്. വര്‍ക്കല മുനിസിപ്പാലിറ്റിയിലെ വോട്ടെണ്ണല്‍ വര്‍ക്കല മുനിസിപ്പല്‍ ഓഫിസിലും നെയ്യാറ്റിന്‍കരയിലേത് നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും. ആറ്റിങ്ങല്‍ മുനസിപ്പാലിറ്റിയിലെ വോട്ടെണ്ണല്‍ നടക്കുന്നത് ആറ്റിങ്ങല്‍ മുനസിപ്പല്‍ ഓഫിസിലാണ്. മഞ്ച ബി.എച്ച്.എസിലാണ് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ വോട്ടെണ്ണല്‍.

പാറശാല ബ്ലോക്കിനു കീഴിലുള്ള പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പാറശാല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. മറ്റു ബ്ലോക്കുകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഇങ്ങനെ; പെരുങ്കടവിള - മാരായമുട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അതിയന്നൂര്‍ - നെല്ലിമൂട് ന്യൂ എച്ച്.എസ്.എസ്, പോത്തന്‍കോട് - കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നേമം - മാറനല്ലൂര്‍ ഡി.വി.എം.എന്‍.എന്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെള്ളനാട് - ജി. കാര്‍ത്തികേയന്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വെള്ളനാട്, വര്‍ക്കല - വര്‍ക്കല ശിവഗിരി എസ്.എന്‍. കോളജ്, ചിറയിന്‍കീഴ് - ആറ്റിങ്ങല്‍ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കിളിമാനൂര്‍ - കിളിമാനൂര്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസ്, വാമനപുരം - വെഞ്ഞാറമ്മൂട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നെടുമങ്ങാട് - നെടുമങ്ങാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ഇന്നലെ ആരംഭിച്ചു. റിട്ടേണിങ് ഓഫിസര്‍മാര്‍ക്കാണു യന്ത്രങ്ങള്‍ നല്‍കുന്നത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ വിതരണ നടപടിക്രമങ്ങള്‍ വിലയിരുത്തി. ജില്ലാ ഡെവലപ്മെന്റ് കമ്മിഷണര്‍ വിനയ് ഗോയല്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ സാമുവേല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Similar News