തദ്ദേശ തിരഞ്ഞെടുപ്പ്; മതംനോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ബിജെപി
'പരാജയ ഭീതിയില്‍ ബിജെപി എന്തും ചെയ്യും, വര്‍ഗീയവാദികളായ ഹിന്ദുക്കളെയായിരുന്നു ബിജെപി ആദ്യം ലക്ഷ്യമിട്ടിരുന്നത്'- വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മതംനോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ബിജെപി. മതംനോക്കി സ്ഥാനാര്‍ത്ഥി പട്ടികയില്‍ സംവരണം നല്‍കാനാണ് ബിജെപി തീരുമാനം. ക്രിസ്ത്യന്‍ വിഭാഗത്തിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് ബിജെപി സര്‍ക്കുലറില്‍ പറയുന്നത്. സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശമനുസരിച്ചാണ് നടപടി. പഞ്ചായത്ത് അടിസ്ഥാനത്തില്‍ മല്‍സരിപ്പിക്കേണ്ട സ്ഥാനാര്‍ഥികളുടെ എണ്ണം അറിയിച്ച് കീഴ്ഘടകങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
സര്‍വ്വേ നടത്തിയാണ് മതാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്. ബിജെപിയുടെ സംസ്ഥാന നേതൃത്വം ക്രിസ്ത്യന്‍ സഭകളുമായി അടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു സര്‍വേ നടത്തിയത്. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ഇതിനായി സര്‍വ്വേ നടത്തിയത്. ഗ്രാമ പഞ്ചായത്തുകളില്‍ കൃത്യമായ അനുപാതത്തില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള ആളുകളെ സ്ഥാനാര്‍ത്ഥികളാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം ജില്ലാനേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കണ്ണൂരിലെ മലയോര മേഖലയിലെ ഒന്‍പതു പഞ്ചായത്തുകളാണ് പുറത്തുവന്ന സര്‍ക്കുലറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 47 വാര്‍ഡുകളില്‍ ക്രിസ്ത്യാനികളെ സ്ഥാനാര്‍ത്ഥികളാക്കണമെന്നാണ് ബിജെപിയുടെ തീരുമാനം.
അതേസമയം മതം നോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള ബിജെപി നീക്കത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. പരാജയ ഭീതിയില്‍ ബിജെപി എന്തും ചെയ്യുമെന്നും വര്‍ഗീയവാദികളായ ഹിന്ദുക്കളെയായിരുന്നു ബിജെപി ആദ്യം ലക്ഷ്യമിട്ടിരുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. മതേതരത്തിന് കേരളത്തില്‍ ശക്തിയാര്‍ജിച്ചതോടെ ക്രിസ്ത്യാനികളെ പിടിക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. അധികാരമോഹികളായ ചില ക്രിസ്ത്യാനികളെ അവര്‍ക്കു ലഭിക്കുന്നു. അധികാരമോഹികളായ പഴയ ഗവര്‍ണര്‍മാരെ പോലുള്ള ചില മുസ്‌ലിമുകളെയും ബിജെപിക്ക് ലഭിക്കുന്നു. കേരളത്തില്‍ വലിയ വേരോട്ടം ഒരിക്കലും ബിജെപിക്ക് ഉണ്ടാവില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
