വായ്പാ തിരിച്ചടവ് മുടങ്ങി;തിരുവല്ലയില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍

കഴിഞ്ഞ വര്‍ഷം ഉണ്ടായ കൃഷി നാശത്തില്‍ നഷ്ടപരിഹാരം തുച്ഛമായ തുകയായിരുന്നു ലഭിച്ചത്. ഇതിനെതിരെ രാജീവ് അടക്കമുള്ള കര്‍ഷകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു

Update: 2022-04-11 04:27 GMT

പത്തനംതിട്ട:തിരുവല്ലയില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍.നിരണം കാണാത്രപറമ്പില്‍ രാജീവാണ്(49) മരിച്ചത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.പോലിസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് പാട്ടത്തിനെടുത്ത് കൃഷി സ്ഥലത്തിന് സമീപം രാജീവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ ആയിരുന്നു മൃതദേഹം. പോലിസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.തിങ്കളാഴ്ച 11 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കും.

രാജീവ് കൃഷി ആവശ്യങ്ങള്‍ക്ക് ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നു. കൃഷി നഷ്ടമായതിനെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ തവണയും നെല്‍കൃഷി നഷ്ടത്തിലായിരുന്നു. ഇത്തവണ വേനല്‍മഴയില്‍ എട്ട് ഏക്കര്‍ കൃഷി നശിച്ചു.

കഴിഞ്ഞ വര്‍ഷം ഉണ്ടായ കൃഷി നാശത്തില്‍ നഷ്ടപരിഹാരം തുച്ഛമായ തുകയായിരുന്നു ലഭിച്ചത്. ഇതിനെതിരെ രാജീവ് അടക്കമുള്ള കര്‍ഷകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.നിയമ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ വേനല്‍ മഴയിലും രാജീവന്റെ കൃഷിക്ക് വ്യാപകമായ നാശം സംഭവിച്ചിരുന്നു. ഇക്കാര്യങ്ങള്‍ എല്ലാം രാജീവിനെ അലട്ടിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.


Tags:    

Similar News