പാലത്തിന് താഴെ തനിച്ച് താമസം; യുവാവിനെ സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
യുവാവിന് സംരക്ഷണം നല്‍കണമെന്ന് സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫിസറോട് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു.
കോഴിക്കോട്: ബൈപാസില്‍ കല്ലൂത്താന്‍കടവ് പാലത്തിന് താഴെ തൂണുകള്‍ക്ക് മുകളില്‍ ഒരു പലകയില്‍ ഒറ്റയ്ക്ക് കഴിയുന്ന കുമാറിന് (40) സംരക്ഷണമൊരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
യുവാവിന് സംരക്ഷണം നല്‍കണമെന്ന് സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫിസറോട് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടു. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. നടപടി സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
നഗരമധ്യത്തിലെ പാലത്തിന്റെ ഗര്‍ഡറുകള്‍ക്കിടയിലെ ഒഴിഞ്ഞ സ്ഥലത്താണ് പത്തുവര്‍ഷമായി കുമാര്‍ കഴിയുന്നത്. മധുരയില്‍ നിന്നും 50 വര്‍ഷം മുമ്പ് കല്ലൂത്താന്‍കടവിലെത്തിയ ആര്‍ രാജു - കറുപ്പായി ദമ്പതികളുടെ മകനാണ് ആര്‍ കുമാര്‍. ലഹരി ഉപയോഗമാണ് കുമാറിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതെന്ന് പറയുന്നു.
കുമാര്‍ കിടക്കുന്ന പലകയ്ക്ക് മുകളില്‍ ബൈപാസും താഴെ ചതുപ്പുമാണ്. ഈ പലകയിലാണ് കുമാറിന്റെ കിടപ്പ്. ചായ കുടിക്കാന്‍ മാത്രം പുറത്തിറങ്ങും. പല്ലുതേപ്പും കുളിയുമില്ല. അമ്മയും അച്ഛനും താമസിക്കുന്ന കല്ലൂത്താന്‍കടവിലെ ഒറ്റമുറി ഫ്‌ലാറ്റ് കുമാര്‍ കണ്ടിട്ടില്ല. കുപ്പിയും പാട്ടയും പെറുക്കി വിറ്റ് ജീവിക്കുന്ന 70 വയസുള്ള അമ്മ കൊടുക്കുന്ന ഭക്ഷണമാണ് കുമാറിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.