കന്നുകാലിക്കടത്ത്: മധ്യപ്രദേശില്‍ 10 പേരെ അറസ്റ്റ് ചെയ്തു; ബിജെപി നേതാവടക്കം 20 പേര്‍ പ്രതിപ്പട്ടികയില്‍

Update: 2021-01-29 17:37 GMT

ബലാഘട്ട്: മധ്യപ്രദേശിലെ ബലാഘട്ട് ജില്ലയില്‍ കന്നുകാലിക്കടത്ത് റാക്കറ്റില്‍പ്പെട്ട പത്ത് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ആകെ 20 പേരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്. അതില്‍ ഒരു ബിജെപി ജില്ലാ നേതാവും ഉള്‍പ്പെടുന്നു. 

മധ്യപ്രദേശിലെ ബകോഡ ഗ്രാമത്തില്‍ വച്ചാണ് കാട്ടുവഴിയിലൂടെ 165 പശുക്കളെയും കാളകളെയും നാഗ്പൂര്‍ ജില്ലാ അതിര്‍ത്തിയിലെ കശാപ്പുശാലയിലേക്ക് കടത്താന്‍ ശ്രമിച്ച സംഘത്തെ പോലിസ് പിടികൂടിയത്.

ജനുവരി 24ാം തിയ്യതി മദ്യപിച്ച ഏതാനും പേര്‍ കന്നുകാലികളുമായി ബെല്‍ഗാവോനിലും ബകോഡയ്ക്കുമിടയിലുള്ള നദി മുറിച്ചുകടക്കുന്നതായി രഹസ്യവിവരം ലഭിച്ച ലാല്‍ബുറ പോലിസാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. തൊട്ടടുത്ത ഗ്രാമത്തിലുള്ള ഇവര്‍ക്ക് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് അറസ്റ്റിലായി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കന്നുകാലികള്‍ ബിജെപിയുടെയും അതിന്റെ യുവജനവിഭാഗമായ യുവമോര്‍ച്ചയുടെയും നേതാവ് മനോജ് പര്‍ധാനിയുടെയും അരവിന്ദ് പതക്കിന്റെയും ഉടമസ്ഥതയിലുള്ളതാണെന്ന് തിരിച്ചറിയുന്നത്. മനോജിന്റെ നാഗ്പൂരിലെ അറവ്ശാലയിലേക്ക് കന്നുകാലികളെ കൊണ്ടുപോവുകയാണെന്ന് അറസ്റ്റിലായവര്‍ മൊഴികൊടുത്തതായി ലാല്‍ബുറ പോലിസ് ഇന്‍സ്‌പെക്ടര്‍ രഘുനാഥ് കട്ടാര്‍ക്കര്‍ പറഞ്ഞു.

സംഭവസ്ഥലത്തുനിന്ന് ആകെ പത്ത് പേരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ആകെ 20 പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. മനോജ് പര്‍ധാനിക്കും അരവിന്ദ് പതക്കിനും എതിരേ തെളിവ് ലഭിക്കുന്ന മുറയ്ക്ക് അവരെയും അറസ്റ്റ് ചെയ്യുമെന്ന് പോലിസ് പറഞ്ഞു.

കാട്ടുപാതയിലൂടെയുളള കന്നുകാലിക്കടത്ത് സംസ്ഥാനത്ത് വ്യാപകമാണ്. 

Tags: