മദ്യഷാപ്പുകള്‍ പൂട്ടും, മിശ്രവിവാഹങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ നിയമം; തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രിക പുറത്തിറക്കി

Update: 2021-03-16 14:15 GMT

ചെന്നൈ: തമിഴ്‌നാട് തിരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രിക പുറത്തിറക്കി. മദ്യഷാപ്പുകള്‍ പൂട്ടും, മിശ്രവിവാഹിതര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുളള നിയമനിര്‍മാണം, ദുരഭിമാനക്കൊലകള്‍ തടയും, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതി ഇളവ് തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍.

ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രകടനപത്രിക ഔദ്യോഗികമായി പുറത്തുവിട്ടത്. സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന് ഓരോ ജില്ലയിലും 500 പേര്‍ക്ക് പരിശീലനം നല്‍കുമെന്നും പാര്‍ട്ടി  നേതാവ് അളഗിരി പറഞ്ഞു.

പുതിയ കമ്പനികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് നികുതി ഇളവ്, സംവരണ മെഡിക്കല്‍ സീറ്റുകള്‍ 7.5 ശതമാനം വര്‍ധിപ്പിക്കു, കാര്‍ഷിക നിയമത്തിനു പകരം എംഎസ് സ്വാമിനാഥന്‍ റിപോര്‍ട്ട് നടപ്പാക്കും, സ്ത്രീകള്‍ക്ക് അവസര സമത്വം, എല്ലാ ജാതി വിഭാഗങ്ങളില്‍ നിന്നുമുള്ള പൂജാരിമാരെ ക്ഷേത്രങ്ങളില്‍ നിയമിക്കും തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങള്‍.

മിശ്രവിവാഹിതര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുവേണ്ടി പ്രത്യേക നിയമം കൊണ്ടുവരുമെന്ന് പ്രകടനപത്രിക പറയുന്നു. നീറ്റ് പരീക്ഷ ഇല്ലാതാക്കാനുള്ള നീക്കം നടത്തും. ഏതെങ്കിലും സംസ്ഥാനത്തിന് നീറ്റ് പരീക്ഷവേണമെങ്കില്‍ അവര്‍ക്കത് നടത്താമെന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാട്.

എഐഎഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും അളഗിരി പറഞ്ഞു.

Tags: