സ്വപ്‌ന ഭവന പദ്ധതി: 48 വീടുകളുടെ താക്കോല്‍ കൈമാറി ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ 318 സി

സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവാത്ത പദ്ധതികളും പരിപാടികളും സാമൂഹ്യ സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് നിര്‍വഹിക്കുമ്പോഴാണ് നാട്ടില്‍ വികസനം സാധ്യമാകുന്നതെന്ന് മന്ത്രി പി രാജീവ്

Update: 2022-06-19 11:27 GMT

കൊച്ചി: ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സിയുടെ സ്വപ്‌ന ഭവനം പദ്ധതിയുടെ താക്കോല്‍ ദാനം മന്ത്രി പി രാജീവ് നിര്‍വഹിച്ചു. കളമശ്ശേരിയില്‍ നടന്ന ചടങ്ങില്‍ 48 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയാണ് താക്കോല്‍ കൈമാറിയത്.വൈവിധ്യമാര്‍ന്ന തരത്തില്‍ മാനവികത മുന്‍നിര്‍ത്തി സാമൂഹിക പ്രതിബദ്ധതയോടെ പദ്ധതികള്‍ നടപ്പാക്കാന്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന് സാധിക്കുന്നതായി മന്ത്രി പി രാജീവ് പറഞ്ഞു. സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവാത്ത പദ്ധതികളും പരിപാടികളും സാമൂഹ്യ സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് നിര്‍വഹിക്കുമ്പോഴാണ് നാട്ടില്‍ വികസനം സാധ്യമാകുന്നത്.

ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സര്‍ക്കാറിന് ഒന്‍പത് ലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചതെന്നും അതില്‍ അഞ്ച് ലക്ഷത്തോളം അപേക്ഷകള്‍ തിരഞ്ഞെടുത്ത് അതുമായി ബന്ധപ്പെട്ട നടപടികള്‍ താഴെതട്ടുമുതല്‍ ആരംഭിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നാട്ടില്‍ അതിദരിദ്രരുണ്ടാകരുതെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം. എല്ലാവര്‍ക്കും ഒരുപോലെ എല്ലാ കാര്യങ്ങളും ലഭ്യമാക്കാനാവില്ലെങ്കിലും എല്ലാവര്‍ക്കും മനുഷ്യരെ പോലെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ സാധിക്കണമെന്നും ലയണ്‍സ് ക്ലബ്ബ് പോലുള്ള സംഘടനകള്‍ നടപ്പാക്കുന്ന വ്യത്യസ്ത പരിപാടികള്‍ അത്തരം കാര്യനിര്‍വഹണമാണ് കാഴ്ചവെക്കുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സി ഗവര്‍ണര്‍ വി സി ജയിംസ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം വരെ ഈ സമയത്ത് സ്വന്തമായൊരു വീടിനെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്തവര്‍ക്ക് ഇന്ന് വീടിന്റെ താക്കോല്‍ കൈമാറാന്‍ സാധിച്ചിരിക്കുന്നുവെന്ന നേട്ടം അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിലൂടെയാണ് എല്ലാ കടമ്പകളും കടന്ന് 48 വീടുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി പി നന്ദകുമാര്‍ മുഖ്യാതിഥിയായിരുന്നു. ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി സാജു പി വര്‍ഗ്ഗീസ്, ഡിസ്ട്രിക്ട് കാബിനറ്റ് ട്രഷറര്‍ സി ജെ ജെയിംസ്, ഡിസ്ട്രിക്ട് സെക്രട്ടറിയും സ്‌നേഹഭവനം കോര്‍ഡിനേറ്ററുമായ ലൂയിസ് ഫ്രാന്‍സിസ്, ഡിസ്ട്രിക്ട് ചീഫ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ വി ഷൈന്‍ കുമാര്‍, ഡോ. ബീന രവികുമാര്‍, കെ വി വര്‍ഗ്ഗീസ്, ജോര്‍ജ് ആന്റണി, ജോര്‍ജ്ജ് സാജു, സിദ്ദീഖ് ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലെ ലയണ്‍സ് ക്ലബ്ബുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളിലെ ഭവന രഹിതരെ കണ്ടെത്തിയാണ് വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. എട്ടു കോടി രൂപയുടെ വിവിധ സാമൂഹികക്ഷേമ പദ്ധതികളാണ് ലയണ്‍സ് ഡിസ്ട്രിക്ട് 318സി ഈ വര്‍ഷം നടപ്പിലാക്കിയത്. കുട്ടികള്‍ക്കുള്ള കാന്‍സര്‍ ചികിത്സാ കേന്ദ്രം, കണ്ടെയ്‌നര്‍ പൊതുശുചിമുറി, പോലിസ് എയ്ഡ്‌പോസ്റ്റ് തുടങ്ങിയവ ഇതില്‍ പ്രധാനമാണ്.

Tags:    

Similar News