വാഹനാപകടങ്ങളെ പ്രതിരോധിക്കാന്‍ 'ലൈന്‍ ട്രാഫിക്' ബോധവല്‍ക്കരണത്തിന് തുടക്കം

Update: 2023-01-07 01:31 GMT

കോഴിക്കോട്: കേരളത്തെ വാഹന അപകടരഹിത സംസ്ഥാനമാക്കുന്നതിന് അടിസ്ഥാനപരമായ നിര്‍ദേശങ്ങളും മാര്‍ഗങ്ങളുമാണ് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ലൈന്‍ ട്രാഫിക് ബോധവല്‍ക്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊടുവള്ളിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് വിവിധങ്ങളായ പദ്ധതികള്‍ക്കാണ് മോട്ടോര്‍ വാഹന വകുപ്പ് നേതൃത്വം നല്‍കിയിട്ടുള്ളത്. അപകടങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് സ്‌കൂള്‍ കരിക്കുലത്തില്‍ പ്രത്യേക പദ്ധതിയാണ് വകുപ്പ് നടപ്പാക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. പ്ലസ്‌വണ്‍, പ്ലസ്ടു കരിക്കുലത്തില്‍ അവരുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന നിയമങ്ങള്‍, റോഡ് സുരക്ഷാ നിയമങ്ങള്‍, റോഡ് നിയമങ്ങള്‍ എന്നിവ പഠിപ്പിക്കുന്നതിന് പുസ്തകം തയ്യാറാക്കി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും കൈമാറി. ഇത് കരിക്കുലത്തിന്റെ ഭാഗമായാല്‍ പ്ലസ്ടു ജയിക്കുന്ന 18 വയസ് പൂര്‍ത്തിയായ വിദ്യാര്‍ഥിക്ക് നേരിട്ട് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാന്‍ കഴിയും വിധത്തിലാണ് പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

ലേണേഴ്‌സ് ലൈസന്‍സിലുള്ള എല്ലാ വിഷയങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നമ്മുടെ റോഡ് നിയമങ്ങളും റോഡ് സുരക്ഷയും സംബന്ധിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കിയാല്‍ അത് വീടുകളിലേക്കും കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ലൈന്‍ ട്രാഫികിന് വിരുദ്ധമായി വാഹനമോടിക്കുന്ന ഇരുചക്രയാത്രികരെ ബോധവത്കരിക്കുകയാണ് 'ലൈന്‍ ട്രാഫിക്' പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. ചടങ്ങില്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ആര്‍ രാജീവ്, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ ബിജുമോന്‍ പങ്കെടുത്തു.

Tags:    

Similar News