ലൈഫ് മിഷന്‍ കോഴക്കേസ്; ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി

Update: 2023-02-20 10:27 GMT

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസിലെ കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. നാലുദിവസം കൂടിയാണ് നീട്ടിയിരിക്കുന്നത്. കോഴക്കേസില്‍ ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വലുതാണെന്നും ചോദ്യം ചെയ്യല്‍ ഇതിനോടകം പൂര്‍ത്തിയാക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതോടെയാണ് ഇഡി വീണ്ടും അപേക്ഷ നല്‍കിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്തവര്‍ ശിവശങ്കറിനെതിരായാണു മൊഴി നല്‍കിയിട്ടുള്ളത്. ഇത് ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡി കാലാവധി നീട്ടി വാങ്ങാന്‍ അനുമതി തേടിയത്.

വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം അംഗീകരിച്ച കോടതി ശിവശങ്കറിന് ആവശ്യമായ മെഡിക്കല്‍ സഹായങ്ങള്‍ നല്‍കണമെന്നും നിര്‍ദേശിച്ചു. ചോദ്യം ചെയ്യലിലുടനീളം ലൈഫ് മിഷന്‍ കോഴയിടപാടില്‍ താന്‍ ഒന്നും ചെയ്തില്ലെന്ന വാദമാണ് ശിവശങ്കര്‍ ആവര്‍ത്തിച്ചത്. എന്നാല്‍, ഇതിനു വിരുദ്ധമായാണ് ലൈഫ് മിഷന്‍ മുന്‍ സിഇഒ യു വി ജോസ്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് പി വേണുഗോപാല്‍ എന്നിവര്‍ മൊഴി നല്‍കിയത്. ഫെബ്രുവരി 14 ന് രാത്രിയാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

Tags:    

Similar News