ലൈഫ് മിഷന്‍ കേസ്; ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് ഇഡി നോട്ടീസ്

Update: 2023-02-16 06:01 GMT

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നാളെ കൊച്ചി ഓഫിസില്‍ ഹാജരാവാനാണ് നിര്‍ദ്ദേശം. ശിവശങ്കറിനെയും വേണുഗോപാലിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. സ്വപ്‌നയ്ക്കായി ലോക്കര്‍ തുടങ്ങിയത് വേണുഗോപാലിന്റെ സഹായത്തോടെയാണ്. ശിവശങ്കറാണ് ഇതിന് നിര്‍ദേശം നല്‍കിയതെന്ന് ഇഡി കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ നിസ്സഹകരണത്തെ മറികടക്കാനാണ് വേണുഗോപാലിനോട് കൊച്ചി ഓഫിസില്‍ ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, കോഴ ഇടപാടിലെ കള്ളപ്പണ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യംചെയ്യല്‍ ഇന്നും തുടരും.

ഇന്നലെ അഞ്ചുദിവസത്തേക്കാണ് ശിവശങ്കറിനെ എറണാകുളം സിബിഐ കോടതി ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നത്. ലൈഫ് മിഷന്‍ കരാര്‍ യൂണിടാക്ക് കമ്പനിക്ക് ലഭിക്കുന്നതില്‍ മുഖ്യ ആസൂത്രകനായിരുന്നു ശിവശങ്കറെന്നാണ് ഇഡിയുടെ റിപോര്‍ട്ട്. എന്നാല്‍, ചോദ്യംചെയ്യലില്‍ ഇതുവരെയും ശിവശങ്കര്‍ കുറ്റസമ്മതം നടത്തിയിട്ടില്ല. ശിവശങ്കറിനെതിരായ കണ്ടെത്തലുകളില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ഇഡി. കേസില്‍ കൂടുതല്‍ ഉന്നതര്‍ക്ക് പങ്കുണ്ടോയെന്നും ഇഡി പരിശോധിക്കുന്നുണ്ട്. മൂന്ന് ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്.

Tags:    

Similar News