യുക്രെയ്ന്‍ പ്രതിസന്ധി; എല്‍ഐസി ഓഹരി വില്‍പ്പന ഈ വര്‍ഷമുണ്ടായേക്കില്ല

Update: 2022-03-14 05:55 GMT

ന്യൂഡല്‍ഹി; ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച ലൈഫ് ഇന്‍ഷുറന്‍സ് ഓഹരി വില്‍പ്പന ഈ സാമ്പത്തിക വര്‍ഷം ഉണ്ടാവില്ലെന്ന് ഏകദേശം ഉറപ്പായി. യുക്രെയ്‌നിലേക്കുള്ള റഷ്യന്‍ അധിനിവേശം സൃഷ്ടിച്ച പ്രതിസന്ധിയാണ് ഓഹരി വില്‍പ്പന മാറ്റിവയ്ക്കുന്നതിനു പിന്നില്‍.

സെബിയുടെ അനുമതിക്ക് വേണ്ടി വീണ്ടും അപേക്ഷിക്കാന്‍ മെയ് 12 വരെ കേന്ദ്രത്തിന് സമയമുണ്ട്. റഷ്യന്‍ അധിനിവേശം ധനരംഗത്ത് ഉണ്ടാക്കിയിട്ടുള്ള ഏറ്റിറക്കങ്ങള്‍ വില്‍പ്പനയെ ദോഷകരമായി ബാധിച്ചേക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുന്നു. അത് വില്‍പ്പനയുടെ സാധ്യത കുറയ്ക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു.

31.6 കോടി ഓഹരികള്‍ വിറ്റ് 60,000 കോടി മുതല്‍കൂട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. മാര്‍ച്ച് 31ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനായിരുന്നു നീക്കം. ഓഹരി വില്‍പ്പനയ്ക്ക് എല്‍ഐസി ബോര്‍ഡും ഭാഗികമായി അംഗീകാരം നല്‍കിയിരുന്നു.

1956ല്‍ അഞ്ച് കോടി മൂലധനത്തിലാണ് എല്‍ഐസി സ്ഥാപിക്കുന്നത്. ഇപ്പോള്‍ 38 ലക്ഷത്തിന്റെ ആസ്തിയുണ്ട്. 20 ശതമാനം ഓഹരിയാണ് കൈമാറുക. പരമാവധി ഒരു ഓഹരി ഉടമക്ക് അഞ്ച് ശതമാനം ഓഹരിയേ കൈവശം വയ്ക്കാന്‍ അനുമതിയുള്ളൂ.

അതേസമയം വിദേശ നിക്ഷേപകര്‍ക്ക് എല്‍ഐസിയില്‍ നിക്ഷേപിക്കണമെങ്കില്‍ വിദേശനിക്ഷേപ നിയമത്തില്‍ ഭേദഗതി ആവശ്യമായി വരും. എല്‍ഐസി ആക്റ്റില്‍ വിദേശനിക്ഷപകരെക്കുറിച്ച് പരാമര്‍ശമില്ല. 

Tags: