ന്യൂഡല്‍ഹി: കടക്കെണിയിലായ ഗൗതം അദാനിയുടെ കമ്പനിയെ രക്ഷിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ രഹസ്യമായി 3.9 ബില്യണ്‍ ഡോളറിന്റെ പദ്ധതി ആവിഷ്‌കരിച്ചെന്ന റിപോര്‍ട്ട് വന്നതിനു പിന്നാലെ പുതിയ വെളിപ്പെടുത്തല്‍. എല്‍ഐസി അദാനി ഗ്രൂപ്പ് കമ്പനികളില്‍ മൊത്തം 48,284.62 കോടി രൂപ നിക്ഷേപിച്ചതായി സര്‍ക്കാര്‍ പാര്‍ലമെന്റിന് നല്‍കിയ മറുപടിയില്‍ പറഞ്ഞു. ഇതില്‍ 38,658.85 കോടി രൂപ ഇക്വിറ്റിയിലും 9,625.77 കോടി രൂപ കടത്തിലുമാണ്.
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നല്‍കിയ ഈ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്. ഇത് സെപ്റ്റംബര്‍ 30 വരെ ലഭ്യമായ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. എല്‍ഐസി അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ സെക്യൂരിഡ് നോണ്‍-കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകളില്‍ 5,000 കോടി രൂപ നിക്ഷേപിച്ചതായും പറയുന്നുണ്ട്.
എല്‍ഐസി നിക്ഷേപം നടത്തിയിട്ടുള്ള എല്ലാ സ്വകാര്യ കമ്പനികളുടെയും പൂര്‍ണമായ പട്ടിക സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും എല്‍ഐസി നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളുടെ സമഗ്രവും സൂക്ഷ്മവുമായ പട്ടിക നല്‍കുന്നത് വാണിജ്യപരമായി വിവേകപൂര്‍ണ്ണമായിരിക്കില്ലെന്നും എല്‍ഐസിയുടെ പ്രവര്‍ത്തന കട താല്‍പ്പര്യങ്ങളെ ബാധിച്ചേക്കാമെന്നും എംപിമാരായ മുഹമ്മദ് ജാവേദ്, മഹുവ മൊയ്ത്ര എന്നിവരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ പറയുന്നു.