ജപ്പാനില്‍ നിന്ന് അഭിനന്ദന കത്തും, ഫോട്ടോയും എത്തി; വന്മുകം എളമ്പിലാട് സ്‌കൂളിന് ഇത് അഭിമാന നിമിഷം

ഹിരോഷിമ ദിനത്തില്‍ ചിങ്ങപുരം വന്മുകം എളമ്പിലാട് എംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച് ഒപ്പ് വെച്ച ആയിരം സഡാക്കോ കൊക്കുകള്‍ അയച്ചുകൊടുക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ അയച്ച കൊക്കുകള്‍ ജപ്പാനിലെ ഇന്റര്‍നാഷണല്‍ പീസ് പ്രമോഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ സമാധാന സ്മാരകത്തില്‍ ചാര്‍ത്തുകയായിരുന്നു.

Update: 2019-09-20 15:30 GMT
പയ്യോളി: ജപ്പാനില്‍ നിന്ന് പയ്യോളി വന്മുകം എളമ്പിലാട് സ്‌കൂളിലേക്ക് അഭിനന്ദന കത്തും ഫോട്ടോയും എത്തി. ഹിരോഷിമയിലുള്ള സമാധാന സ്മാരകത്തിലേക്ക് യുദ്ധ വിരുദ്ധ സന്ദേശവുമായി അയച്ച ആയിരം സഡാക്കോ കൊക്കുകള്‍ക്കാണ് ജപ്പാനില്‍ നിന്ന് അഭിനന്ദന കത്ത് ലഭിച്ചത്.

യുദ്ധങ്ങളില്‍ ഇരയാകുന്ന അനേകായിരം കുഞ്ഞുങ്ങളുടെ പ്രതീകമായാണ് സഡാക്കോ സസക്കി എന്ന പെണ്‍കുട്ടിയുടെ പേരില്‍ ജപ്പാനിലെ ഹിരോഷിമയിലുള്ള സമാധാന സ്മാരകം. ഹിരോഷിമ ദിനത്തില്‍ ചിങ്ങപുരം വന്മുകം എളമ്പിലാട് എംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച് ഒപ്പ് വെച്ച ആയിരം സഡാക്കോ കൊക്കുകള്‍ അയച്ചുകൊടുക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ അയച്ച കൊക്കുകള്‍ ജപ്പാനിലെ ഇന്റര്‍നാഷണല്‍ പീസ് പ്രമോഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ സമാധാന സ്മാരകത്തില്‍ ചാര്‍ത്തുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികള്‍ സമാധാന സ്മാരകത്തിലേക്ക് നിര്‍മ്മിച്ച് അയച്ചു കൊടുത്ത പേപ്പര്‍ കൊക്കുകള്‍ക്കൊപ്പം വന്മുകം എളമ്പിലാട് സ്‌കൂളിന്റെ കൊക്കുകളും സ്ഥാനം പിടിച്ചു.

ജപ്പാന്‍ ഇന്റര്‍നാഷണല്‍ പീസ് പ്രമോഷന്‍ കൗണ്‍സില്‍ മേയര്‍ മാസനോബു മുറാകാമി ഈ വിദ്യാലയത്തിലേക്ക് അയച്ച അഭിനന്ദന കത്തില്‍ യുദ്ധ ഭീകരതകള്‍ക്കെതിരെയുള്ള ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുന്നതോടൊപ്പം ലോക സമാധാനത്തിന് വേണ്ടി ഇത്തരം വേറിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും നേതൃത്വം നല്‍കണമെന്നും പറഞ്ഞു.


Tags:    

Similar News