സൗദിയില്‍ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതിയില്‍ ഹരജി

Update: 2020-04-27 14:44 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസ് മൂലം സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളായ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതിയില്‍ ഹരജി.

സൗദി അറേബിയയില്‍ ജോലിചെയ്യുന്ന മലയാളികളായ ഒരു ഡോക്ടറും പതിനേഴ് നഴ്‌സുമാരും അടങ്ങുന്ന സംഘമാണ് പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേനെ സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

ഇവരില്‍ ഭൂരിഭാഗം പേരും പ്രസവത്തിനും ബദ്ധപ്പെട്ട ചികില്‍സയ്ക്കും വേണ്ടി മുന്‍പേ തന്നെ ജോലി രാജി വച്ചും ലീവ് എടുത്തും നാട്ടിലേക്ക് വരുന്നതിനായി മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ടിക്കറ്റ് എടുത്തിരുന്നു. പക്ഷേ, കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുള്‍പ്പടെ രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാലാണ് വിദേശത്തു തന്നെ തുടരുവാന്‍ ഇവര്‍ നിര്‍ബന്ധിതരായത്.

ഈ സാഹചര്യത്തിലാണ് തങ്ങളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സൗദി അറേബ്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചി മുഖേനെ പ്രവാസി ലീഗല്‍ സെല്ലിനെ സമീപിക്കുകയും സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തത്.

കൊവിഡ് 19 പ്രതിരോധത്തിനായി സൗദിയിലുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ കൊവിഡ് ചികില്‍സാകേന്ദ്രങ്ങളാക്കി മാറ്റിയതിനാല്‍ ആവശ്യമായ ചികില്‍സ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളതായും നിലവില്‍ ജോലിയോ കുടുംബാംഗളുടെ സാമീപ്യമോ ഇല്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനുള്ള സാമ്പത്തിക സ്ഥിതിയല്ലെന്നും ഹരജിയില്‍ പറയുന്നു.

മാത്രമല്ല കിലോമീറ്ററുകള്‍ അകലെ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നതിനാലും അടച്ചിടലിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചതിനാല്‍ ആശുപത്രികളില്‍ എത്തിച്ചേരുവാന്‍ ബുദ്ധിമുട്ടാണെന്നും ആശുപത്രിയില്‍ നിന്നും തങ്ങള്‍ക്കും ജനിക്കുവാന്‍ പോകുന്ന കുട്ടിക്കും കൊവിഡ് പിടിപെടുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

നാട്ടില്‍ മടങ്ങിയെത്തി ലോകാരോഗ്യ സംഘടന നിര്‍ദേശിയ്ക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് നിരീക്ഷണത്തില്‍ കഴിയാന്‍ ഇവര്‍ തയ്യാറായിട്ടും സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ട സജ്ജീകരങ്ങള്‍ ഒരുക്കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല. സ്വന്തം പൗരന്‍മാര്‍ നാട്ടിലേക്ക് വരുന്നത് വിലക്കുന്നതിലൂടെ തുല്യതയ്ക്കും ജീവിയ്ക്കാനുമുള്ള ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുകയാണെന്നും ഇത് ജനിക്കുവാന്‍ പോകുന്ന കുട്ടിയോടുള്ള അനീതിയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

അതിനാല്‍ ലോക്ക് ഡൗണ്‍ കാലത്ത് ഗുരുതരമായ അസുഖമുള്ള രണ്ട് വ്യക്തികളെ ഇംഗ്ലണ്ടില്‍ നിന്നും കുവൈറ്റില്‍ നിന്നും നാട്ടില്‍ എത്തിച്ചതുപോലെ ഗര്‍ഭിണികളായ തങ്ങളെയും നാട്ടിലെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. 

Tags:    

Similar News