കുഷ്ഠരോഗം ഇനിമുതല്‍ വിവാഹമോചനത്തിനുളള കാരണമല്ല

ഇക്കാലത്ത് രോഗം ചികില്‍സിച്ച് ഭേദമാമാക്കാമെന്ന് തെളിയിക്കപ്പെട്ടതിനാലാണ് ബില്ല് കൊണ്ടുവന്നതെന്ന് നിയമ മന്ത്രി പി പി ചൗധരി പറഞ്ഞു.

Update: 2019-01-08 13:46 GMT
ന്യൂഡല്‍ഹി: കുഷ്ഠരോഗം ഇനിമുതല്‍ വിവാഹമോചനത്തിനുളള കാരണമല്ല. വിവാഹമോചനത്തിനുള്ള കാരണങ്ങളുടെ പട്ടികയില്‍ നിന്നും കുഷ്ഠരോഗത്തെ ഒഴിവാക്കിക്കൊണ്ടുള്ള ബില്‍ ലോക്‌സഭ പാസാക്കി. കഴിഞ്ഞ ദിവസം ശബ്ദവോട്ടോടെ ബില്‍ പാസാക്കിയത്. ചികില്‍സിച്ചു മാറ്റാനാകാത്ത രോഗമാണ് എന്നതുകൊണ്ടാണ് നേരത്തേ ഇത് വിവാഹമോചനത്തിനുളള കാരണമാക്കിയത്. എന്നാല്‍ ഇക്കാലത്ത് രോഗം ചികില്‍സിച്ച് ഭേദമാമാക്കാമെന്ന് തെളിയിക്കപ്പെട്ടതിനാലാണ് ബില്ല് കൊണ്ടുവന്നതെന്ന് നിയമ മന്ത്രി പി പി ചൗധരി പറഞ്ഞു.

വിവാഹമോചന നിയമം 1869, ഡിസ്സലൂഷന്‍ ഓഫ് മുസ്ലീം മര്യേജ് ആക്റ്റ് 1939, സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് 1954, ഹിന്ദു വിവാഹ നിയമം 1955, ഹിന്ദു അഡോപ്ഷന്‍ അന്റ് മെയിന്റനന്‍സ് ആക്റ്റ് 1956 ഉള്‍പ്പെടെ ഇന്ത്യയിലെ വിവാഹങ്ങളുമായി ബന്ധപ്പെട്ട അഞ്ച് നിയമങ്ങളില്‍ ദേദഗതി വരുത്തിയാണ് പുതിയ ബില്‍ തയ്യാറാക്കിയത്. ആധുനിക ചികില്‍സ ലഭ്യമായിട്ടും കുഷ്ഠരോഗികളെ അകറ്റി നിര്‍ത്തുന്ന സാമൂഹിക മനോഭാവത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും ബില്‍ വ്യവസ്ഥചെയ്യുന്നു. 2018 ഓഗസ്റ്റില്‍ ലോക്‌സഭയുടെ പരിഗണയ്‌ക്കെത്തിയ ബില്ലാണ് കഴിഞ്ഞ ദിവസം നിയമമായത്.

2008ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് കുഷ്ഠരോഗികള്‍ സമൂഹത്തിലും കുടുംബത്തിലും നേരിടുന്ന വിവേചനത്തിന് എതിരെ ആദ്യം രംഗത്തെത്തുന്നത്. രോഗം വിവാഹ മോചനത്തിന് കാരണമാണെന്ന് കരുതാനാവില്ലെന്നും കമ്മീഷന്‍ നിലപാടെടുത്തിരുന്നു. ഇതിന് പിറകെ യുഎന്‍ പരിപാടിയായ കുഷ്ഠരോഗികള്‍ക്കെതിരായ വിവേചനം തടയുകയും പുനരധിവസിപ്പിക്കുകയും ലക്ഷ്യമാക്കുന്ന യുഎന്‍ പരിപാടിയിലും 2010ല്‍ ഇന്ത്യ ഭാഗമായി. രോഗ ബാധിതരെ പുനരധിവസിപ്പിക്കുന്നതിന് പദ്ധതി തയ്യറാക്കണമെന്ന 2014ലെ സുപ്രിം കോടതി ഉത്തവിന്റെ പശ്ചാത്തലത്തിലാണ് പുതിയ ബില്ല് നിലവില്‍ വന്നത്.

Tags:    

Similar News