മഹാരാഷ്ട്രയില്‍ 8 പേരെ കൊന്ന പുള്ളിപ്പുലിയെ വെടിവച്ച് കൊന്നു

Update: 2020-12-19 06:28 GMT

മുംബൈ: മഹാരാഷ്ട്രയിലെ സോളാപൂര്‍ ജില്ലയില്‍ എട്ട് പേരെ കൊലപ്പെടുത്തിയ പുള്ളിപ്പുലിയെ വനംവകുപ്പ് അധികൃതര്‍ വെടിവച്ച് കൊന്നു. കര്‍മല തഹ്‌സിലിലെ ബിത്താര്‍ഗാവ് ഗ്രാമത്തിനടുത്തുള്ള ഒരു വാഴത്തോട്ടത്തില്‍ വച്ചാണ് പുള്ളിപ്പുലിയെ വെടിവച്ചു കൊന്നത്. സോളാപൂര്‍, ബീഡ്, അഹമ്മദ്‌നഗര്‍, ഔറംഗബാദ് ജില്ലകളിലായി പുള്ളിപ്പുലി എട്ടുപേരെ കൊല്ലപ്പെടുത്തുകയും നാല് പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം വാഴത്തോട്ടത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആദ്യം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വെടിവയ്ക്കുകയായിരുന്നുവെന്ന് ഡിവിഷന്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സോളാപൂര്‍) ധൈര്യാഷില്‍ പാട്ടീല്‍ പറഞ്ഞു. കര്‍മലയില്‍ ഒമ്പതുവയസ്സുകാരിയെ കൊന്നൊടുക്കിയതിനെ തുടര്‍ന്ന് ഈ മാസം ആദ്യം 'മാന്‍ ഈറ്റര്‍' പുള്ളിപ്പുലിയെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് പുള്ളിപ്പുലിയെ കണ്ടെത്താന്‍ പോലിസ്, സ്‌റ്റേറ്റ് റിസര്‍വ് പോലിസ് ഫോഴ്‌സ് (എസ്ആര്‍പിഎഫ്) എന്നിവരുള്‍പ്പെടെ നിയോഗിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ച മുതല്‍ ഈ ടീമുകള്‍ മൃഗത്തെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പാട്ടീല്‍ പറഞ്ഞു.

Leopard That Killed 8 People In Maharashtra Shot Dead By Forest Department

Tags: