തിരുവനന്തപുരം: നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ആഘോഷ പരിപാടി മെയ് 6 ന് ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ നടക്കുന്ന ആഘോഷ പരിപാടിയുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എം. ബി. രാജേഷ് നിര്‍വഹിക്കും.
നിയമസഭാ സാമാജികരുടെ രചനകളുടെ പ്രദര്‍ശനം, നിയമസഭാ ലൈബ്രറിയെകുറിച്ചുള്ള ലഘു വീഡിയോ പ്രദര്‍ശനം, നിയമസഭാ മ്യൂസിയം തയാറാക്കിയ നിയമസഭയെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം എന്നിവ ഉണ്ടായിരിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ലൈബ്രറി ഉപദേശക സമിതി ചെയര്‍മാന്‍ തോമസ് കെ. തോമസ് എം. എല്‍. എ., ലൈബ്രറി ഉപദേശക സമിതി അംഗങ്ങള്‍, മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, മുന്‍ പാര്‍ലമെന്റ് അംഗങ്ങള്‍, സാമാജികര്‍, മുന്‍സാമാജികര്‍, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍, സാഹിത്യകാരന്‍മാര്‍, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം പ്രമോദ് നാരായണ്‍ എം.എല്‍.എ. മോഡറേറ്ററാകുന്ന 'കേരളം സാമൂഹ്യ പരിവര്‍ത്തനത്തിന്റെ അക്ഷര വഴികള്‍' എന്ന സെമിനാറില്‍ കെ. വി. മോഹന്‍കുമാര്‍ വിഷയം അവതരിപ്പിക്കും, ബെന്യാമിന്‍, കുരീപ്പുഴ ശ്രീകുമാര്‍, രേഖാരാജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന കലാപരിപാടിയില്‍ അമ്പലപ്പുഴ സുരേഷ് വര്‍മ്മയും സംഘവും ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കും.