രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ അയോഗ്യതയില്‍ നിയമസഭ പ്രിവിലേജ് കമ്മിറ്റിയുടെ യോഗം ഇന്ന്

Update: 2026-02-02 06:13 GMT

തിരുവനന്തപുരം: ബലാല്‍സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അയോഗ്യതയില്‍ നിയമസഭയുടെ പ്രിവ്ലിജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയുടെ നിര്‍ണായക തീരുമാനം ഇന്ന്. ഡി കെ മുരളി നല്‍കിയ പരാതിയാണ് പ്രിവിലേജ് കമ്മിറ്റി പരിഗണിക്കുന്നത്. ഡി കെ മുരളിയുടേയും രാഹുലിന്റേയും വാദങ്ങള്‍ കേട്ട ശേഷമായിരിക്കും കമ്മിറ്റി തീരുമാനത്തിലെത്തുക. നിരന്തരം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ഡി കെ മുരളിയുടെ ആവശ്യം. നടപടി ക്രമങ്ങള്‍ സങ്കീര്‍ണ്ണമായതിനാല്‍ ഈ സഭ സമ്മേളനം തീരും മുന്‍പ് തീരുമാനം എടുക്കാന്‍ സാധ്യത കുറവാണ്.

രാഹുലിനെതിരായ പരാതി സ്പീക്കര്‍ പരിഗണിച്ച് പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റി പരിശോധിച്ച് സഭയ്ക്ക് അയോഗ്യനാക്കാം. ഈ സര്‍ക്കാറിന്റെ അവസാന സഭ സമ്മേളനത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ തീര്‍ക്കുകയാണ് വെല്ലുവിളി. രാഹുലുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് പറയുമ്പോഴും അയോഗ്യതാ നീക്കത്തില്‍ കോണ്‍ഗ്രസിന് സംശയങ്ങളുണ്ട്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടായാല്‍ രാഷ്ട്രീയ തീരുമാനമെടുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസില്‍ നിന്ന് റോജി എം ജോണും ലീഗില്‍ നിന്നുളള യു എ ലത്തീഫുമാണ് കമ്മിറ്റിയിലുള്ള പ്രതിപക്ഷ അംഗങ്ങള്‍. ഇവര്‍ സ്വീകരിക്കേണ്ട നിലപാട് ഇന്ന് രാവിലെ യുഡിഎഫ് പാര്‍ലമെന്റ് യോഗം ചര്‍ച്ച ചെയ്യും.

ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തുമെന്ന സ്ഥിരീകരിച്ച വിവരമില്ല. ഇന്നുമുതല്‍ നാലുവരേയാണ് ബജറ്റില്‍ പൊതുചര്‍ച്ച. അഞ്ചിന് നടപ്പുസാമ്പത്തികവര്‍ഷത്തെ അവസാന ബാച്ച് ഉപധനാഭ്യര്‍ഥനകള്‍, കഴിഞ്ഞ ഏതാനും സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ഥനകള്‍ എന്നിവ അവതരിപ്പിക്കും. എല്‍ഡിഎഫിന്റെ വടക്കന്‍ മേഖല ജാഥ തുടങ്ങിയതിനാല്‍ എംഎല്‍എമാരുടെ ഹാജര്‍ കുറയും. സിപിഎം സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ എം വി ഗോവിന്ദനാണ് ജാഥ ക്യാപ്റ്റന്‍. ജാഥ കടന്നുപോകുന്ന വടക്കന്‍ ജില്ലകളിലെ എംഎല്‍എമാര്‍ മണ്ഡലങ്ങളിലാകുമെന്നതിനാല്‍ ഇവര്‍ സഭാ സമ്മേളനത്തിനെത്തില്ല.

Tags: