ദത്ത് വിവാദം: അനുപമയെ കുഞ്ഞിനെ കാണിക്കുന്നതിന്റെ നിയമവശം പരിശോധിക്കുമെന്ന് മന്ത്രി

മന്ത്രി എന്ന നിലയില്‍ എഴുതി തന്ന പരാതി പോലും ഇല്ലാതെയാണ് താന്‍ ഇടപെട്ടത്. വിഷയത്തിന്റെ ഗൗരവം കണ്ടാണ് ഇടപെട്ടത്.

Update: 2021-11-22 07:36 GMT

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയെ കുഞ്ഞിനെ കാണിക്കുന്നതില്‍ നിയമവശം പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കോടതി വഴിമാത്രമെ കുഞ്ഞിനെ കൈമാറാനാകൂ. കോടതി വഴിയാകും നടപടികള്‍. ഇക്കാര്യത്തില്‍ പോസീറ്റിവായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുഞ്ഞിന്റെ അവകാശമാണ് പ്രധാനം. ഇതില്‍ കോടതി അന്തിമ കാര്യങ്ങള്‍ തീരുമാനിക്കും. കുഞ്ഞിനെ ദത്ത് നല്‍കിയ സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന വാര്‍ത്ത തെറ്റാണ്. 2015ലെ നിയമമനുസരിച്ചു ഒരു ലൈസന്‍സ് മതി. അതുണ്ട്. മന്ത്രി എന്ന നിലയില്‍ എഴുതി തന്ന പരാതി പോലും ഇല്ലാതെയാണ് താന്‍ ഇടപെട്ടത്. വിഷയത്തിന്റെ ഗൗരവം കണ്ടത് കൊണ്ടാണ് ഇടപെട്ടത്. ഇന്നോ നാളെയോ റിപോര്‍ട്ട് കിട്ടും. അന്വേഷണം നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.

വീഴ്ച ഉണ്ടായോ എന്നത് പരിശോധിക്കുകയാണ്. ഡയറക്ടര്‍ നടത്തുന്ന അന്വേഷണം പൂര്‍ത്തിയായി എന്നാണ് മനസിലാക്കുന്നത്. ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ പറഞ്ഞ ശേഷം വേഗത്തിലാണ് നടപടികള്‍ നീക്കിയത്. എല്ലാ കാലതാമസവും ഒഴിവാക്കാന്‍ ഇടപെട്ടിട്ടുണ്ട്. എല്ലാ നടപടിയും വിഡിയോ പകര്‍ത്തിയിട്ടുണ്ട്. ആന്ധ്രയില്‍ വെച്ചു തന്നെ ഡിഎന്‍എ പരിശോധന നടത്താമായിരുന്നു. എന്നാല്‍ കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവന്നത് ഡിഎന്‍എ പരിശോധിക്കുന്നത് സുതാര്യത ഉറപ്പാക്കാന്‍ വേണ്ടിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനക്കുള്ള നടപടികള്‍ തുടങ്ങി. കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ നിര്‍മ്മലാ ശിശു ഭവനിലെത്തി ശേഖരിച്ചു. അനുപമയോടും അജിത്തിനോടും സാമ്പിള്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആന്ധ്രയില്‍ നിന്ന് കുഞ്ഞിനെ എത്തിച്ച ശേഷം വളരെ വേഗമാണ് തുടര്‍നടപടി പുരോഗമിക്കുന്നത്. താത്കാലിക സംരക്ഷണത്തിന് ചുമതലപ്പെടുത്തിയ നിര്‍മ്മലാ ശിശു ഭവനിലെത്തി കുഞ്ഞിനെ കാണണമെന്ന് ഡിഎന്‍എ പരിശോധനക്ക് മുമ്പും അനുപമ ആവശ്യപ്പെട്ടു.

കുഞ്ഞിന്റെ സാമ്പിള്‍ എടുത്തശേഷം അടുത്ത നടപടി അനുപമയുടെ അജിത്തിന്റെയും സാമ്പിള്‍ ശേഖരണമാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടരക്ക് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ എത്താനാണ് നിര്‍ദ്ദേശം. മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ പരിശോധനാ ഫലം ലഭിക്കും. ഫലം പൊസിറ്റീവായാല്‍ നിയമോപദേശം തേടിയ ശേഷം സിഡബ്ല്യുസി തുടര്‍നടപടി സ്വീകരിക്കും.


Tags: