തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നകേസ്: ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ കസ്റ്റഡിയില്‍
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കണിയാപുരം സ്വദേശി ഓട്ടോ ഡ്രൈവര്‍ രജ്ഞിത്ത്, ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്, മുട്ട നിതീഷ് എന്നിവരാണ് പിടിയിലായത്
തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ നാലുപേര്‍ കസ്റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കണിയാപുരം സ്വദേശി ഓട്ടോ ഡ്രൈവര്‍ രജ്ഞിത്ത്, ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്, മൊട്ട അനീഷ് എന്നിവരാണ് പിടിയിലായതെന്ന് തിരുവനന്തപുരം റൂറല്‍ പോലിസ് മേധാവി മധു മാധ്യമങ്ങളോട് പറഞ്ഞു.
പതിനൊന്ന് പേരടങ്ങുന്ന സംഘമാണ് കൊലക്ക് പിന്നില്‍. പ്രതികളില്‍ ഏതാണ്ട് എല്ലാവരെയും തിരിച്ചറിഞ്ഞു. ആറ്റിങ്ങലില്‍ എതിര്‍ സംഘത്തില്‍പെട്ട ഒരാളെ വധിക്കാന്‍ ശ്രമിച്ചതാണ് കൊലക്ക് പെട്ടന്നുള്ള കാരണമെന്നും റൂറല്‍ എസ്പി പറഞ്ഞു.
പ്രതികള്‍ കൊലയ്ക്ക് മുമ്പ് ട്രയല്‍ റണ്‍ നടത്തിയിരുന്നു. മംഗലപുരം മങ്ങോട്ട് പാലത്തില്‍ വച്ച് ബോംബ് എറിഞ്ഞായിരുന്നു ട്രയല്‍. ഇതിന് പിന്നാലെയാണ് ഇന്നലെ ഉച്ചക്ക് രണ്ടരയോടെ മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. വധശ്രമം ഉള്‍പ്പടെ അടിപിടി കേസുകളില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട സുധീഷും. ഗുണ്ടാനേതാവ് ഒട്ടകം രാജേഷിന്റെ സുഹൃത്തിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിന് ശ്രമിച്ചതിന് പ്രതികാരമായാണ് സുധീഷിനെ വെട്ടിക്കൊന്നത്.
സുധീഷ് ഒളിവില്‍ താമസിച്ചിരുന്ന പോത്തന്‍കോട് കല്ലൂരില്‍ ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗംസംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഘത്തെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകര്‍ത്തു. വീടിന് അകത്ത് കയറിയ സംഘം സുധീഷിനെ തുടരേ വെട്ടുകയായിരുന്നു. തടയാനെത്തിയ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയടക്കം ആക്രമിച്ചു. സുധീഷിന്റെ ഒരുകാല്‍പാദം വെട്ടിയെടുത്ത് 500 മീറ്ററിനപ്പുറമുള്ള റോഡില്‍ എറിഞ്ഞു.
ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റ സുധീഷ് ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. ഗുണ്ടകള്‍ എത്തുന്നതിന്റെയും ആഹ്ലാദപ്രകടനം നടത്തി കാല്‍ റോഡിലെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് കേസിലെ പ്രധാനതെളിവ്. തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സുധീഷിന്റെ മരണമൊഴിയുമുണ്ട്. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലിസ് അറിയിച്ചു.
