സര്‍ക്കാരിന്റെ മൃദു സമീപനം ആര്‍എസ്എസ് അക്രമത്തിന് കരുത്തേകുന്നു: കെ കെ അബ്ദുല്‍ ജബ്ബാര്‍

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം അപലപനീയം

Update: 2022-02-21 10:30 GMT

തിരുവനന്തപുരം: തലശ്ശേരി ന്യൂമാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകം അപലപനീയമാണെന്നും സര്‍ക്കാരിന്റെ മൃദുസമീപനം ആര്‍എസ്എസ്സ് അക്രമത്തിന് കരുത്തുപകരുകയാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. ഒരു കുടുംബത്തിന്റെ അത്താണിയായ മല്‍സ്യത്തൊഴിലാളി ഹരിദാസനെ അക്രമികള്‍ വലതുകാല്‍ വെട്ടിമാറ്റി അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. ജനപ്രതിനിധിയായ ബിജെപി നേതാവ് നടത്തിയ കൊലവിളിക്കു ശേഷം നടന്ന കൊലപാതകം ഞെട്ടിപ്പിക്കുന്നതാണ്.

കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്ത് സംഘപരിവാരം തുടരുന്ന രീതിയാണിത്. കണ്ണവം സ്വലാഹുദ്ദീന്‍ വധത്തിലും ആലപ്പുഴയില്‍ ഷാന്‍ വധത്തിലും ഉള്‍പ്പെടെ ഈ രീതിയാണ് ആര്‍എസ്എസ് അനുവര്‍ത്തിച്ചത്. സംഘപരിവാര നേതാക്കള്‍ ആദ്യം കൊലവിളി നടത്തുകയും ശേഷം ക്രൂരമായി കൊലപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

സംസ്ഥാനത്ത് സമീപകാലത്ത് ആര്‍എസ്എസ് കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലുമായി നിരവധി ഭീകര ബോബ് സ്‌ഫോടനങ്ങളാണ് നടന്നത്. കഴിഞ്ഞ ദിവസം വടകര ചെരണ്ടത്തൂരില്‍ വീടിനുമുകളില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ബജ്‌റങ്ദള്‍ പ്രാദേശിക നേതാവായ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിന് ഗുരുതരമായി പരിക്കേല്‍ക്കുകയും കൈപ്പത്തി മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലയിലെ ആറളത്തും കാങ്കോലിലും ഇത്തരത്തില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനങ്ങളുണ്ടായിരുന്നു.

അതേസമയം, സംസ്ഥാനത്തെ കലാപഭൂമിയാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുമ്പോള്‍ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ പോലിസ് തയ്യറാവാത്തതാണ് ക്രൂരതകള്‍ ആവര്‍ത്തിക്കാന്‍ അക്രമികള്‍ക്ക് കരുത്താകുന്നത്.

കൊലപാതകങ്ങളിലെല്ലാം ഒരേ രീതിയാണ് ആര്‍എസ്എസ് സ്വീകരിക്കുന്നത്. കൃത്യമായ പരിശീലനമാണ് ഇത് തെളിയിക്കുന്നത്. എന്നാല്‍, കൊലപാതകങ്ങളില്‍ ഗൂഢാലോചനയും ആസൂത്രണവും നടത്തുന്ന ഉന്നത നേതാക്കളെ സംരക്ഷിക്കുന്ന നിലപടാണ് പോലിസ് സ്വീകരിക്കുന്നത്. ആര്‍എസ്എസുകാര്‍ പ്രതികളായ മുഴുവന്‍ കേസുകളിലും ശക്തമായ നടപടി സ്വീകരിക്കാനും ഉന്നതതല ബന്ധം അന്വേഷിക്കാനും സര്‍ക്കാരും പോലിസും തയ്യാറാവണമെന്ന് കെ കെ അബ്ദുല്‍ ജബ്ബാര്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Tags: