ദലിത് വോട്ടുകള്‍ ചോര്‍ന്നത് എല്‍ഡിഎഫിന് തിരിച്ചടിയായി: കേരള ദലിത് പാന്തേഴ്‌സ്
തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേരിട്ട പരാജയത്തിന് പിന്നില്‍ ദലിത് സമൂഹങ്ങളുടെ പ്രതിഷേധം നിര്‍ണായക ഘടകമായെന്ന് കെഡിപി സംസ്ഥാന കമ്മറ്റി വിലയിരുത്തി. ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ട് ബാങ്കായി കണക്കാക്കപ്പെട്ടിരുന്ന ദലിത് വിഭാഗങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിരുദ്ധ നിലപാട് സ്വീകരിച്ചതാണ് പരാജയത്തിന് വഴിയൊരുക്കിയത്.
ദലിത് വിഭാഗങ്ങളോടുള്ള സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളും രാജ്യവ്യാപകമായി ജാതി സെന്‍സസ് ആവശ്യപ്പെട്ട് ചര്‍ച്ചകള്‍ ശക്തമായിരിക്കെ, സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാത്തത് ദലിതരില്‍ അതൃപ്തിക്ക് ഇടയാക്കിട്ടുണ്ട് സാമൂഹികസാമ്പത്തിക അവസ്ഥയും സംവരണവുമായി ബന്ധപ്പെട്ട ഡാറ്റ ഇല്ലാത്തത് ഭരണപരമായ വിവേചനം തുടരാന്‍ കാരണമാകുന്നുവെന്ന് കെ ഡി പി നിരീക്ഷിച്ചു.
എസ്‌സി/എസ്ടി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട സ്‌റ്റൈപ്പന്‍ഡുകളും ഗ്രാന്റുകളും സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്യുന്നതില്‍ ഉണ്ടായ കാലതാമസവും ദലിത് കുടുംബങ്ങളെ നേരിട്ട് ബാധിച്ചു. ഇതുമൂലം പഠനം മുടങ്ങുകയും സര്‍ക്കാരിനെതിരെ ശക്തമായ വികാരം രൂപപ്പെടുകയും ചെയ്തു. കൂടാതെ ദലിത്ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍, പോലീസ് കേസുകളിലെ സര്‍ക്കാര്‍ സമീപനം, പട്ടയവിതരണത്തിലെ കാലതാമസം സര്‍ക്കാര്‍ ഉദാസീനമാണെന്ന വികാരമുയര്‍ത്തി , നായര്‍ സര്‍വീസ് സൊസൈറ്റി നേതാവ് സുകുമാരന്‍ നായര്‍ക്കും എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും സര്‍ക്കാര്‍ നല്‍കിയ അമിത പരിഗണനയും, ഉയര്‍ന്ന ജാതി നേതാക്കളെ പങ്കെടുപ്പിച്ച പരിപാടികളും, അയ്യപ്പ സംഗമം പോലുള്ള ഇടപെടലുകളും ദലിത് വിഭാഗങ്ങളില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായി കെഡിപി നിരീക്ഷിച്ചു.
