ഈ അവഹേളനത്തിന് ലീഗ് നേതൃത്വം മറുപടി പറയണം: ഐഎന്‍എല്‍

Update: 2022-07-30 14:40 GMT

കോഴിക്കോട്: തിരുവനന്തപുരം കഴക്കൂട്ടത്ത് യുഡിഎഫ് പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് മുസ്‌ലിം ലീഗിന്റെ പതാക വലിച്ചെറിയുകയും അത് പാകിസ്താനില്‍ കൊണ്ടുപോയി കെട്ടിക്കോ എന്നാക്രോശിക്കുകയും ചെയ്ത സംഭവത്തില്‍ ലീഗ് നേതൃത്വത്തിന്റെ പ്രതികരണം അറിയാന്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. ഈ അപമാനത്തിന് ലീഗ് നേതൃത്വമാണ് മറുപടി പറയേണ്ടത്. കോണ്‍ഗ്രസിന്റെ ഹിന്ദുത്വവല്‍ക്കരണം പൂര്‍ത്തിയായതിന്റെ ഉത്തമ ഉദാഹരണമാണിത്.

1948ല്‍ ലീഗ് രൂപീകരിച്ചപ്പോള്‍ കേള്‍ക്കാത്ത പരിഹാസമാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം കൊണ്ടാടുന്ന വേളയില്‍ കേള്‍ക്കേണ്ടിവന്നിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ മനസ്സുകള്‍ എത്രമാത്രം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടിട്ടുണ്ടെന്ന് ഈ സംഭവം തെളയിക്കുന്നു. ഇമ്മട്ടില്‍ അപമാനം സഹിച്ച് കോണ്‍ഗ്രസിന്റെ കാല്‍ക്കീഴില്‍ കഴിയുന്ന മുസ്‌ലിം ലീഗിന്റെ അവസ്ഥ എന്തുമാത്രം പരിതാപകരമാണ്. പാര്‍ട്ടി പതാക പാകിസ്താനില്‍ കൊണ്ടുപോയി കെട്ടൂ എന്നു കേട്ടപ്പോള്‍ വിതുമ്പിക്കരയുന്ന ലീഗ് നേതാവിന്റെ അവസ്ഥ മുഴുവന്‍ ലീഗുകാര്‍ക്കും നാണക്കേടാണെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു.

Tags:    

Similar News