തിരുവല്ല ഭരണം എല്‍ഡിഎഫിന്; വിജയം നറുക്കെടുപ്പിലൂടെ, പത്തനംതിട്ടയിലെ ഏക നഗരസഭയും യുഡിഎഫിന് നഷ്ടമായി

Update: 2022-06-16 14:02 GMT

പത്തനംതിട്ട: തിരുവല്ല നഗരസഭയിലെ യുഡിഎഫിന് ഭരണം നഷ്ടമായി. നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫിന് ഭരണം ലഭിച്ചത്. എല്‍ഡിഎഫ് അംഗം ശാന്തമ്മ വര്‍ഗീസ് നഗരസഭാ അധ്യക്ഷയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റും. ഇതോടെ പത്തനംതിട്ട ജില്ലയിലെ ഏക നഗരസഭയും യുഡിഎഫിന് നഷ്ടമായി. നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 16 വോട്ടുകള്‍ വീതം ലഭിച്ച സാഹചര്യത്തിലാണ് നറുക്കെടുപ്പിലൂടെ ചെയര്‍പേഴ്‌സനെ തിരഞ്ഞെടുത്തത്. ചരിത്രത്തിലാദ്യമായാണ് തിരുവല്ല നഗരസഭയില്‍ എല്‍ഡിഎഫിന് ഭരണം പിടിച്ചെടുക്കാന്‍ സാധിക്കുന്നത്.

യുഡിഎഫ്- 16 എല്‍ഡിഎഫ്- 14, എന്‍ഡിഎ- 7, എസ്ഡിപിഐ- 1, സ്വതന്ത്രന്‍- 1 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷിനില. സ്വതന്ത്രനും ഇടതുപക്ഷത്ത് നിലയുറപ്പിച്ചതോടെ 15 പേരായിരുന്നു ഇടത് പാളയത്തിലുണ്ടായിരുന്നത്. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ അംഗമായ ശാന്തമ്മ വര്‍ഗീസ് കൂടിയെത്തിയപ്പോള്‍ ഇടതുപക്ഷത്തിന് 16 പേരുടെ പിന്തുണ ലഭിച്ചു. എന്‍ഡിഎ സ്വതന്ത്രന്‍ രാഹുല്‍ ബിജുവിന്റെ പിന്തുണയിലാണ് യുഡിഎഫിനും ഒപ്പം പിടിക്കാന്‍ സാധിച്ചത്. ബിജെപിയിലെ 6 പേര്‍ വോട്ടിങ്ങില്‍ നിന്നും വിട്ടുനിന്നു.

നേരത്തെ ചെയര്‍പേഴ്‌സനായിരുന്ന ബിന്ദു ജയകുമാര്‍ കോണ്‍ഗ്രസ് പ്രതിനിധിയും വൈസ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ നേതാവുമായിരുന്നു. ഓന്നേകാല്‍ വര്‍ഷം പൂര്‍ത്തിയായാല്‍ അധികാര കൈമാറ്റമെന്ന ധാരണയിലായിരുന്നു യുഡിഎഫ് അധികാരമേറ്റത്. മുന്നണിയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ കാരണം കേരള കോണ്‍ഗ്രസ് ജോസഫിലെ ചിലര്‍ അസംതൃപ്തിയിലായിരുന്നു. ഇവരില്‍ നിന്നും ശാന്തമ്മ വര്‍ഗീസിനെ അടര്‍ത്തിമാറ്റാന്‍ കഴിഞ്ഞതോടെ എല്‍ഡിഎഫ് വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍, എന്‍ഡിഎ സ്വതന്ത്രന്‍ യുഡിഎഫിനെ പിന്തുണച്ചതോടെ തിരഞ്ഞെടുപ്പ് നറുക്കിലേക്ക് പോവുകയായിരുന്നു.

Tags:    

Similar News