പരപ്പനങ്ങാടി വികസന സെമിനാറില്‍ എല്‍ഡിഎഫ്, യുഡിഎഫ് കയ്യാങ്കളി

വികസന പോരായ്മകളെ കുറിച്ചുള്ള ചോദ്യത്തിന് ആശംസ പറയാനെത്തിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മറുപടി പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

Update: 2020-03-10 11:22 GMT

പരപ്പനങ്ങാടി: 2020- പരപ്പനങ്ങാടി വികസന സെമിനാറില്‍   പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. ഇന്ന് നടന്ന വികസന സെമിനാറിലാണ് ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലെത്തിയത്. വികസന സെമിനാറില്‍ പദ്ധതികളിലെ പോരായ്മകളെക്കുറിച്ച് പ്രതിപക്ഷ അംഗമായ ദേവന്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ വികസന പോരായ്മകളെ കുറിച്ചുള്ള ചോദ്യത്തിന് ചെയര്‍പേഴ്‌സണോ ഉദ്യോഗസ്ഥര്‍ക്കോ പകരം ആശംസ പറയാനെത്തിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി ഒ സലാം മറുപടി പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ഉത്തരവാദിത്വപ്പെട്ടവര്‍ക്കു പകരം യുഡിഎഫ് നേതാവ് മറുപടി പറയാന്‍ ഇത് പാര്‍ട്ടി വേദിയല്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് കൂടിയായ ദേവന്‍ സംസാരം തടസ്സപ്പെടുത്തി. ഇതോടെ ഇരുകൂട്ടരും പരസ്പരം പോര്‍വിളിയുമായി രംഗത്തെത്തി. മൈക്കും സ്റ്റാന്റും വലിച്ചെറിഞ്ഞു. ചട്ടം ലംഘിച്ച് പരിപാടി നടത്താന്‍ അനുവദിക്കില്ലന്ന് പ്രതിപക്ഷം നിലപാടെടുത്തു. അതിനിടയില്‍ ഭരണപക്ഷം അനുരഞ്ജനത്തിനു ശ്രമിച്ചു. ഇതോടെ പ്രശ്‌നങ്ങള്‍ അല്പം ശാന്തമായെങ്കിലും വികസന സെമിനാര്‍ പുതിയ പല വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരിക്കുകയാണ്.