തൃശൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് അടിപതറി

യുഡിഎഫ് 33 സീറ്റുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റുകളില്‍ ഒതുങ്ങി

Update: 2025-12-13 14:24 GMT

തൃശൂര്‍: മികച്ച ഭൂരിപക്ഷത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്ത് യുഡിഎഫ്. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം തൃശൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് അടിപതറി. 33 സീറ്റുകള്‍ യുഡിഎഫ് നേടിയപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റില്‍ ഒതുങ്ങി. എട്ടിടത്ത് എന്‍ഡിഎ വിജയിച്ചു. സ്വതന്ത്രര്‍ നാലു സീറ്റിലും വിജയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റത്തിന്റെ സാഹചര്യത്തില്‍ ആദ്യമായി കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ സാധിക്കുമെന്നായിരുന്നു ബിജെപി പ്രതീക്ഷ. എന്നാല്‍ ഫലം പുറത്തു വന്നപ്പോള്‍ എല്‍ഡിഎഫ്, എന്‍ഡിഎ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും കോണ്‍ഗ്രസിനും തൃശൂര്‍ കോര്‍പ്പറേഷനില്‍ 24 വീതം സീറ്റുകളായിരുന്നു. കോണ്‍ഗ്രസിന്റെ വിമതനായി ജയിച്ച എം കെ വര്‍ഗീസിനെ എല്‍ഡിഎഫ് ഒപ്പം നിര്‍ത്തിയതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. പതിവ് തര്‍ക്കങ്ങള്‍ ഒഴിവാക്കി ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് കോണ്‍ഗ്രസ് തൃശൂരില്‍ വിജയം നേടിയത്. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ അടക്കം എല്‍ഡിഎഫിനുണ്ടായ വീഴ്ച കോണ്‍ഗ്രസിന് ഗുണകരമായി.

Tags: