ത്രിതല പഞ്ചായത്തുകളെ ശക്തിപ്പെടുത്തുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടു: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളെ ശക്തിപ്പെടുത്തുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടതായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി എംപി. വിവിധ പദ്ധതികള്‍ക്ക് ഫണ്ടുവെട്ടിക്കുറച്ചതടക്കം തദ്ദേശ സ്ഥാപനങ്ങളെ ചൂഷണം ചെയ്യുന്ന മനോഭാവവുമായി മുന്നോട്ടുപോയ സര്‍ക്കാറിനെ ജനം ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചറിയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
ജനങ്ങള്‍ ഏറെ പ്രയാസം നേരിട്ട കോവിഡ് കാലത്തും പ്രളയ സമയത്തും എല്ലാ ചുമതലകളും ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കി സര്‍ക്കാര്‍ കാഴ്ചകാരാവുകയാണുണ്ടായത്. ആവശ്യമായ ഫണ്ടുപോലും നല്‍കാന്‍ തയ്യാറായില്ല. ഇത് തദ്ദേശ സ്ഥാപനങ്ങളെ കടക്കെണിയിലാക്കി. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ മാതൃക കാണിച്ചതായും കുഞ്ഞാലികുട്ടി കൂട്ടി ചേര്‍ത്തു.
കിഫ്ബിയുടെ സുതാര്യത സംശയത്തിലാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സര്‍ക്കാരിന്റെ വളഞ്ഞമാര്‍ഗം മാത്രമായിരുന്നു കിഫ്ബി. ഇത് യാതൊരു ഓഡിറ്റുമില്ലാതെ മുന്നോട്ടു പോകുന്നതിനെ നേരത്തെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. വികസനത്തിന് തടസം നല്‍ക്കണ്ട എന്നു കരുതിയാണ് കൂടുതല്‍ എതിര്‍ക്കാരിരുന്നത്. ഓഡിറ്റ് പോലും ഇല്ലാത്ത ഫണ്ട് വിനയോഗം അഴിമതിയാണ്. കിഫ്ബിയുടെ സുതാര്യപോലു ചോദ്യം ചെയ്യപ്പെടുന്ന ഈഘട്ടത്തില്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ ഗൗരവമായി കാണണം. വിമര്‍ഷിച്ച പ്രതിപക്ഷ എം.എല്‍.എമാര്‍ ഫണ്ട് വാങ്ങേണ്ട എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പരാമര്‍ശം നിരര്‍ഥഃകമാണ്. വിമര്‍ശിക്കുന്നവര്‍ക്ക് ഫണ്ടില്ല എന്ന് പറയാന്‍ ഇത് പാര്‍ട്ടി ഫണ്ടല്ല, പൊതു ഫണ്ടാണ്. യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ കിഫ്ബി തുടരണോ എന്ന കാര്യത്തില്‍ ചര്‍ച്ച ചെയ്യും. ഓഡിറ്റ് ഇല്ലാത്ത സംവിധാനം എന്തായാലും യൂഡിഎഫ് കാലത്ത് ഉണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എല്ലാ വളഞ്ഞ മാര്‍ഗവും ചെന്നവനാസിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടവരിലുമാണ്. ഇതിനെല്ലാം ചൂട്ടു പിടിച്ചത് മുഖ്യമന്ത്രി തന്നെ. പാര്‍ട്ടികളടെ ഉന്നത നേതാവിന്റെ മകന്‍ മയക്കമരുന്ന കേസില്‍ വരെ പ്രതിയാവുന്ന സാഹചര്യമുണ്ടായി. സര്‍ക്കാറിന് എല്ലാം സ്വകാര്യ താല്‍പര്യങ്ങളാണ്. അഞ്ച് കൊല്ലം കൊണ്ട് അതാണ് ബോധ്യമായത്. നിലവിലെ സര്‍ക്കാറിന്‍ പ്രതിസന്ധി മറികടക്കാന്‍ ഒന്നും അവര്‍ ചെയ്തില്ല. കൊവിഡ് മാനേജ്മെന്റിനെ പോലും ബാധിച്ചു. ഫണ്ട് ദുരപയോഗം സംബന്ധിച്ച് ചട്ടലംഘനമുണ്ടായെന്ന് ധനകാര്യ മന്ത്രി തന്നെ സമ്മതിച്ച സംഭവമുണ്ടായി. പ്രതിപക്ഷം ഇതൊക്കെ കണ്ട് വെറുതെയിരിക്കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത് നടക്കുന്ന കാര്യമല്ല. പ്രതിപക്ഷം പ്രതികരിച്ചില്ലായിരുന്നുവെങ്കില്‍ സ്വര്‍ണകടത്തും മയക്കുമരുന്നു വിവാദവും തുടര്‍ന്നേനെ. സി.പി.എം നേതാക്കളുടെ ലോക്കറില്‍കമ്മീഷന്‍ കൂടിയും ലൈഫിലെ വീടുകള്‍ ഇടിഞ്ഞു പൊളിഞ്ഞി വീഴുന്നതും കേരളം കാണേണ്ടിയിരുന്നു. കേന്ദ്ര ഫണ്ടുകള്‍ സംസ്ഥാനത്തെത്തിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രതിഷേധത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നു കുഞ്ഞാലികുട്ടി പറഞ്ഞു.
മുസ്ലിംലീഗ് പാര്‍ട്ടി യു.ഡി.എഫുമായി തന്നെ എല്ലായിടത്തും മത്സരിക്കും. പാര്‍ട്ടിയുടെ അനുവാദമില്ലാതെ റിബലായി മത്സരിക്കുന്ന സാഹചര്യമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാവും. പല ഭാഗത്ത് നിന്നും യു.ഡി.എഫിന് പുന്തുണയുമായി വ്യക്തികളും സാമൂഹിക സംഘടനകളും വരുന്നുണ്ട്. ഇവരോടൊന്നും രാഷ്ട്രീയ സഖ്യമില്ല. യു.ഡി.എഫിനു പുറത്ത് ഒരു രാഷ്ട്രീയ സഖ്യത്തിനും ഐക്യജനാധിപത്യ മുന്നണി തയ്യാറല്ല. ഇത്തരം കൂട്ടുകെട്ടുകള്‍ എല്‍.ഡി.എഫാണുണ്ടാക്കിയിരുന്നത്. സര്‍ക്കാറിന്റെ ദുര്‍ഭരണം കൊണ്ട് അവരെ കൈവെടിഞ്ഞപ്പോഴാണ് അവര്‍ ശത്രുക്കളായത്. ദേശീയ തലത്തില്‍ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് മാത്രമാണ് രാജ്യത്തുള്ളത്. സി.പി.എം പോലും ഇപ്പോള്‍ അത് സമ്മതിച്ചു. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സി.പി.എം സഹകരണം തുടങ്ങി. ഇത് വലിയ തിരിച്ചറിവാണെന്നും ചരിത്രം മാറ്റിയെഴുതപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് ശംസുദ്ധീന്‍ മുബാറക്ക് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി.എം റിയാസ് പ്രസംഗിച്ചു.

