കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ് ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ടഭ്യര്‍ഥിച്ചുവെന്ന എല്‍ഡിഎഫ് പരാതിയിലാണ് നോട്ടീസ്. പേരാമ്പ്ര മണ്ഡലത്തില്‍പ്പെട്ട മൂന്ന് വ്യക്തികളാണ് പരാതിനല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ട് പേരാമ്പ്ര മണ്ഡലത്തിന്റെ ഉപവരണാധികാരി നടപടി സ്വീകരിച്ചത്.
അതേസമയം, പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനിടെ നടത്തിയ വിവാദ അനൗണ്‍സ്‌മെന്റില്‍ ടി പി രാമകൃഷ്ണന് നോട്ടീസ് നല്‍കിയിരുന്നു. അനൗണ്‍സ്‌മെന്റ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന പരാതിയിലാണ് വിശദീകരണം തേടിയത്. മാതൃകാ പെരുമാറ്റചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്.
മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരായ വര്‍ഗീയ അനൗണ്‍സ്‌മെന്റ് വിവാദം പുകയുന്നതിനിടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെയും സമാനമായ പരാതി രേഖമൂലം റിട്ടേണിങ് ഓഫീസര്‍ക്ക് ലഭിച്ചത്.
എന്നാല്‍ ഇതുവരെ നോട്ടീസ് കയ്യില്‍ കിട്ടിയിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ് ലിയ പ്രതികരിച്ചു. കിട്ടിയ ശേഷമേ പ്രതികരിക്കൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ തെറ്റുപറ്റിയെങ്കില്‍ തിരുത്തുമെന്നും മതം പറഞ്ഞ് വോട്ടു പിടിക്കുന്നത് എല്‍ഡിഎഫ് രീതിയല്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.
