പി കെ ശശിയുടെ നാമനിര്‍ദേശ പത്രികയില്‍ പേരിലും വയസിലും കൃത്രിമം കാണിച്ചെന്ന ആരോപണവുമായി എല്‍ഡിഎഫ്
പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പി കെ ശശിക്കെതിരെ ആരോപണവുമായി എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി. പി കെ ശശി നാമനിര്‍ദ്ദേശ പത്രികയില്‍ നല്‍കിയിട്ടുള്ള പേരും വയസും തെറ്റാണെന്നാണ് എല്‍ഡിഎഫിന്റെ ആക്ഷേപം. അദ്ദേഹം പഠിച്ച കുലുക്കല്ലൂര്‍ വി എ യുപി സ്‌കൂളിലെ രേഖകള്‍ പ്രകാരം അദ്ദേഹത്തിന്റെ പേര് ശശിധരന്‍ പി കെ എന്നാണ്. നിയമാനുസൃതമായ ഗസറ്റ് വിജ്ഞാപനം ഇല്ലാതെ പേര് മാറ്റിയത് ചട്ടവിരുദ്ധമാണെന്ന് എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയിലും കൃത്രിമം കാണിച്ചുവെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നത്. പത്രികയിലെ ഈ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനും പോലിസിനും പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു.