അമ്പലപ്പുഴയില്‍ അഭിഭാഷകയും മകനും ലഹരി വില്‍പ്പനക്കിടയില്‍ പിടിയില്‍

Update: 2025-10-14 11:42 GMT

ആലപ്പുഴ: ആലപ്പുഴയിൽ വില്‍പ്പനയ്ക്കായി കൊണ്ടുപോയ എംഡിഎംഎയുമായി അഭിഭാഷകയും മകനും പിടിയില്‍. അമ്പലപ്പുഴ കരൂര്‍ കൗസല്യ നിവാസില്‍ താമസിക്കുന്ന അഡ്വ. സത്യമോള്‍ (46), മകന്‍ സൗരവ്ജിത് (18) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പുന്നപ്ര പോലിസും ചേര്‍ന്ന് പിടികൂടിയത്. സത്യമോള്‍ കരുനാഗപ്പള്ളി കുടുംബക്കോടതിയിലെ അഭിഭാഷകയാണ്.

തിങ്കളാഴ്ച രാവിലെ പുന്നപ്ര പറവൂരില്‍ ദേശീയപാതയില്‍ പോലിസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. ആദ്യം 3 ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്. തുടര്‍ന്ന് അമ്പലപ്പുഴ പോലിസ് വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ 2.5 ഗ്രാം എംഡിഎംഎ, 40 ഗ്രാം കഞ്ചാവ്, 2 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, ലഹരി ഉപയോഗോപകരണങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നിവയും പിടികൂടി.

ഇവര്‍ ലഹരിവസ്തുക്കള്‍ എറണാകുളത്ത് നിന്ന് വാങ്ങി നാട്ടില്‍ അമിതലാഭത്തില്‍ വില്‍പ്പന നടത്തുകയായിരുന്നു. കാറില്‍ അഭിഭാഷകര്‍ ഉപയോഗിക്കുന്ന എംബ്ലം പതിച്ച് പരിശോധന ഒഴിവാക്കാനാണ് ശ്രമമുണ്ടായത്. അമ്മയും മകനും ഒരുമിച്ച് ലഹരി വാങ്ങാനും വില്‍ക്കാനും പോയിരുന്നതായും വീട്ടില്‍ കഞ്ചാവ് വലിക്കാനുള്ള പ്രത്യേക സ്ഥലം ഒരുക്കിയിരുന്നതായും പോലിസ് വ്യക്തമാക്കി. പുറമേനിന്നുള്ള യുവാക്കള്‍ രാത്രിയില്‍ ഇവിടെയെത്താറുണ്ടായിരുന്നു.

ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ ദീര്‍ഘകാല നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ്. വീട്ടില്‍ വളര്‍ത്തുനായ്ക്കളും സിസിടിവിയും ഉണ്ടായിരുന്നതിനാല്‍ പുറമേ നിന്നുള്ള നിരീക്ഷണം ഇവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാറുണ്ടായിരുന്നുവെന്നും പോലിസ് പറഞ്ഞു. പ്രതികളെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Tags: