തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ മര്‍ദിച്ച സംഭവത്തില്‍, ബെയ്ലിന്‍ ദാസിന് ജാമ്യമില്ല. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് ഉത്തരവ്. ബെയ്‌ലിന്‍ ഈ മാസം 26 വരെ റിമാന്‍ഡിലായിരിക്കും.
വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെയാണ് സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് മോപ് സ്റ്റിക് കൊണ്ട് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് അഡ്വ. ബെയ്‌ലിന്‍ മോപ് സ്റ്റിക് കൊണ്ട് തന്നെ മര്‍ദ്ദിച്ചതെന്നായിരുന്നു അഭിഭാഷക ശ്യാമിലിയുടെ ആരോപണം.
ശ്യാമിലിയും അഭിഭാഷകനും തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സീനിയര്‍ അഭിഭാഷകന്‍ മര്‍ദിച്ചതെന്നാണ് വിവരം. അടിയേറ്റ് താന്‍ ആദ്യം താഴെ വീണുവെന്നും അവിടെനിന്ന് എടുത്ത് വീണ്ടും അടിച്ചുവെന്നും ശ്യാമിലി പറഞ്ഞു. കണ്ടുനിന്നവരാരും എതിര്‍ത്തില്ലെന്നും പരാതിക്കാരി പറഞ്ഞു.അതേസമയം അഭിഭാഷകനില്‍ നിന്ന് ഇതിന് മുന്‍പും മര്‍ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ശ്യാമിലി പറഞ്ഞിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ബെയ്‌ലിനെ പോലിസ് അറസ്റ്റു ചെയ്യുകയായിരുന്നു.