ഉത്തര്‍പ്രദേശില്‍ നടക്കുന്നത് നിയമരാഹിത്യം: സുപ്രിംകോടതിയുടെ ഇടപെല്‍ ആവശ്യപ്പെട്ട് മുന്‍ സുപ്രിംകോടതി, ഹൈക്കോടതി ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരും

Update: 2022-06-15 01:58 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പൗരന്മാര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അക്രമ സംഭവങ്ങളില്‍ സ്വമേധാ കേസെടുക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകരും സുപ്രിം കോടതിയിലെയും ഹൈക്കോടതിയിലെയും ഒരു വിഭാഗം മുന്‍ ജഡ്ജിമാരും സുപ്രിം കോടതിക്ക് കത്തയച്ചു. 

പ്രവാചകനിന്ദക്കെതിരേ പ്രയാഗ് രാജില്‍നടന്ന പ്രതിഷേധങ്ങളുടെ സൂത്രധാരന്‍ എന്നാരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് തകര്‍ത്തതിനു തൊട്ടടുത്ത ദിവസമാണ് ജഡ്ജിമാരും നിയമജ്ഞരും  കത്തയച്ചത്.

ബിജെപി നേതാക്കളുടെ പ്രവാചകനിന്ദക്കെതിരേ ജൂണ്‍ 10ന് രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ നടന്നിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ പ്രതിഷേധത്തിന്റെ സൂത്രധാരരെന്ന് ആരോപിച്ച് ഏതാനും പേരുകള്‍ പ്രഖ്യാപിച്ച് കാണ്‍പൂര്‍, സഹാറന്‍പൂര്‍, പ്രയാഗ്രാജ് എന്നിവിടങ്ങളിലെ അവരുടെ വീടുകള്‍ തകര്‍ത്തു. അനധികൃതനിര്‍മാണെന്നാരോപിച്ചായിരുന്നു പൊളിച്ചുനീക്കിയത്.

പ്രയാഗ് രാജിലെ പൊളിച്ചുനീക്കിയ വീടിന്റെ ഉടമ പ്രതിചേര്‍ക്കപ്പെട്ടയാളല്ല, മറിച്ച് അദ്ദേഹത്തിന്റെ ഭാര്യയാണെന്ന വസ്തുത പോലും സര്‍ക്കാര്‍ കണക്കിലെടുത്തില്ല. പ്രതിഷേധക്കാരെ കേള്‍ക്കാനും സമാധാനപരമായ പ്രതിഷേധത്തില്‍ ഏര്‍പ്പെടാനും അവസരം നല്‍കുന്നതിനുപകരം അത്തരം വ്യക്തികള്‍ക്കെതിരെ അക്രമാസക്തമായ നടപടിയെടുക്കാന്‍ യുപി സംസ്ഥാന ഭരണകൂടം അനുമതി നല്‍കിയതായി തോന്നുന്നുവെന്ന് കത്തില്‍ ഒപ്പുവച്ചവര്‍ പറയുന്നു.

ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി, സുപ്രിം കോടതി മുന്‍ ജഡ്ജി, ജസ്റ്റിസ് വി. ഗോപാല ഗൗഡ, സുപ്രിം കോടതി മുന്‍ ജഡ്ജി, ജസ്റ്റിസ് എ.കെ. ഗാംഗുലി, സുപ്രിം കോടതി മുന്‍ ജഡ്ജി, ജസ്റ്റിസ് എ.പി. ഷാ, ഡല്‍ഹി ഹൈക്കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസും, ഇന്ത്യന്‍ ലോ കമ്മീഷന്‍ മുന്‍ ചെയര്‍പേഴ്‌സനും, ജസ്റ്റിസ് കെ ചന്ദ്രു, മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി, ജസ്റ്റിസ് മുഹമ്മദ് അന്‍വര്‍, കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി, ശാന്തി ഭൂഷണ്‍, മുതിര്‍ന്ന അഭിഭാഷകന്‍, സുപ്രിം കോടതി, ഇന്ദിര ജയ്‌സിംഗ്, മുതിര്‍ന്ന അഭിഭാഷക, സുപ്രിം കോടതി, ചന്ദര്‍ ഉദയ് സിംഗ്, മുതിര്‍ന്ന അഭിഭാഷകന്‍, സുപ്രിം കോടതി, ശ്രീറാം പഞ്ചു, മുതിര്‍ന്ന അഭിഭാഷകന്‍, മദ്രാസ് ഹൈക്കോടതി, പ്രശാന്ത് ഭൂഷണ്‍, അഭിഭാഷകന്‍, സുപ്രിം കോടതി, ആനന്ദ് ഗ്രോവര്‍, മുതിര്‍ന്ന അഭിഭാഷകന്‍, സുപ്രിം കോടതി- എന്നിവരാണ് ഒപ്പുവച്ചത്.