ബേപ്പൂരില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കം

Update: 2022-03-20 04:21 GMT

കോഴിക്കോട്: ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ കേരഗ്രാമം പദ്ധതിക്ക് 47,99,000 രൂപ സര്‍ക്കാര്‍ അനുവദിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ അഭിമാന പദ്ധതിയായ കേരഗ്രാമം ബേപ്പൂര്‍ മണ്ഡലത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തില്‍ 2144 കര്‍ഷകര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ 250 ഹെക്ടര്‍ സ്ഥലത്ത് പദ്ധതി നടപ്പിലാക്കും. ഉത്പാദനക്കുറവ്, വിലയിടിവ്, കീടങ്ങളുടെ ആക്രമണം, എന്നിവ കാരണം പ്രതിസന്ധിയിലായ തെങ്ങു കര്‍ഷകരെ സഹായിക്കുന്ന കേരഗ്രാമം പദ്ധതി കര്‍ഷകര്‍ക്ക് ആശ്വാസവും ആവേശവുമായി മാറുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ശാസ്ത്രീയ കീടനാശിനി മാര്‍ഗങ്ങള്‍ സ്വീകരിക്കുക, പമ്പ് സെറ്റും തെങ്ങു കയറ്റ യന്ത്രവും നല്‍കുക, ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുക, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിച്ച് ജീവിത നിലവാരം ഉയര്‍ത്തുക എന്നിവയാണ് കേരഗ്രാമം പദ്ധതിയുടെ ലക്ഷ്യം.

ക്ഷേമപദ്ധതികള്‍ നടപ്പാക്കിയും വരുമാനം ഉറപ്പാക്കിയും സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുകയാണ്. വിള ഇന്‍ഷൂറന്‍സ് പോലുള്ള ആനുകൂല്യങ്ങളും മറ്റു പദ്ധതികളും യഥാസമയം കര്‍ഷകരിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. കൃഷി വിസ്തൃതി താരതമ്യേന കുറവായതു കൊണ്ട് ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രവുമായി ചേര്‍ന്ന് ഇഞ്ചി, മഞ്ഞള്‍ തൈകള്‍ വിതരണം ചെയ്യും. ഇവ ചട്ടികളിലോ ഗ്രോ ബാഗുകളിലോ നട്ട് കാര്‍ഷികരംഗത്ത് പുതിയ മാതൃക സൃഷ്ടിക്കാനും അതു വഴി ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ കാര്‍ഷികമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാനും കേരഗ്രാമം പദ്ധതിയിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷറ റഫീഖ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കര്‍ഷകന്‍ ചിന്നന്‍ തോട്ടോളിയെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ കൃഷി ഓഫീസര്‍ ശശി പൊന്നന പദ്ധതി വിശദീകരിച്ചു.

വെനേര്‍ണി സ്‌കൂളിനു സമീപം നടന്ന ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. രാജന്‍, ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മിനി തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി അസി. ഡയറക്ടര്‍ അനിത പാലേരി സ്വാഗതവും കേരസമിതി ബേപ്പൂര്‍ നിയോജകമണ്ഡലം സെക്രട്ടറി നെല്ലിക്കോട് വാസു നന്ദിയും പറഞ്ഞു.

Similar News