'നികൃഷ്ടജീവിയുടെ കീഴിലാണ് സംസ്ഥാന മന്ത്രിസഭ, കടക്കൂ പുറത്തെന്ന് മല്‍സ്യത്തൊഴിലാളികളോട് പറയേണ്ട'- ലത്തീന്‍ അതിരൂപത

കൈക്കൂലി പറ്റിയവരുണ്ടെങ്കില്‍ അദാനിക്ക് തിരിച്ച് കൊടുക്കണം. തുറമുഖ നിര്‍മാണം നിര്‍ത്തി വെച്ചേ മതിയാകൂ.

Update: 2022-08-23 06:44 GMT

തിരുവനന്തപുരം: വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും സമരക്കാരെല്ലാം വിഴിഞ്ഞത്തുള്ളവരല്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷഭാഷയില്‍ പ്രതികരിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപത. മുഖ്യമന്ത്രി യാഥാര്‍ഥ്യം തിരിച്ചറിയുന്നില്ല. കൈക്കൂലി പറ്റിയവരുണ്ടെങ്കില്‍ അദാനിക്ക് തിരിച്ച് കൊടുക്കണം. തുറമുഖ നിര്‍മാണം നിര്‍ത്തി വെച്ചേ മതിയാകൂ. മത്സ്യത്തൊഴിലാളികളുടെ സമരത്തെ വര്‍ഗീയ സമരമെന്ന് ആക്ഷേപിച്ചു. മുസ്‌ലിംകളും ഇന്ന് സമരത്തിനെത്തും. നികൃഷ്ടജീവിയുടെ കീഴിലാണ് സംസ്ഥാന മന്ത്രി സഭ. കടക്കൂ പുറത്തെന്ന് മല്‍സ്യത്തൊഴിലാളികളോട് പറയേണ്ട. ക്രമസമാധാനം ചര്‍ച്ച ചെയ്യാനാണ് കലക്ടര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കും. തുറമുഖ മന്ത്രി വിഡ്ഢിയാണ്. അഹമ്മദ് ദേവര്‍കോവിലിന്റേത് കള്ളങ്ങള്‍ കുത്തിനിറച്ച പ്രസംഗമാണ്. മന്ത്രിമാര്‍ മത്സ്യത്തൊഴിലാളികളെ കളിയാക്കുന്നു. മുഖ്യമന്ത്രി നിലപാട് മാറ്റിയെ മതിയാകൂവെന്നും അതിരൂപത സമരസമിനി നേതാവ് ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. എം വിന്‍സന്റ് എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍, സമരത്തെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തി. സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്. സമര്‍ക്കാര്‍ എല്ലാവരും വിഴിഞ്ഞത്തുകാര്‍ അല്ല. പദ്ധതി കാരണം സമീപത്ത് തീര ശോഷണമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. സമഗ്ര പഠനത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുനരധിവാസ പദ്ധതി നടപ്പാക്കും. വീട് നിര്‍മ്മിക്കും വരെ വാടക സര്‍ക്കാര്‍ നല്‍കും, വാടക നിശ്ചയിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.

വിഴിഞ്ഞം പദ്ധതി മൂന്നിലൊന്ന് പൂര്‍ത്തിയായപ്പോള്‍ 600 കിലോമീറ്റര്‍ കടലെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. തീരശോഷണത്തില്‍ അദാനിയുടെയും സര്‍ക്കാരിന്റേയും നിലപാട് ഒന്നാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. 3000 ത്തോളം വീടുകള്‍ നഷ്ടപ്പെടും എന്നുള്ളത് കൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ വിപുലമായ പുനരധിവാസ പദ്ധതി ഉണ്ടാക്കിയത്. 4 വര്‍ഷമായി മത്സ്യതൊഴിലാളികള്‍ സിമന്റ് ഗോഡൗണില്‍ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News