ലതാമങ്കേഷ്‌കര്‍: സമാനതയില്ലാത്ത സംഗീതജ്ഞയെന്ന് മുഖ്യമന്ത്രി

Update: 2022-02-06 04:53 GMT

തിരുവനന്തപുരം; ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്‌കറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ പാട്ടിനൊപ്പം വളര്‍ന്ന പല തലമുറകളുണ്ട്. അവരുടെയെല്ലാം മനസ്സില്‍ മായ്ക്കാനാവാത്ത സ്ഥാനമാണ് ലതാ മങ്കേഷ്‌കര്‍ക്കുള്ളതെന്ന് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

''പല പതിറ്റാണ്ടുകള്‍ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തില്‍ നിന്ന ഈ ഗായിക ഹിന്ദിയില്‍ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു. മലയാളിക്കും അവരുടെ നാവിന്‍തുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി. ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നു''- മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ന് രാവിലെയാണ് ലതാ മങ്കേഷ്‌കര്‍ മുംബൈയില്‍ അന്തരിച്ചത്. കൊവിഡ് ബാധയെത്തുടര്‍ന്ന് ജനുവരി മുതല്‍ ആശുപത്രിയിലായിരുന്നു.